മംഗളൂരു: കോളേജില്‍ പോകാൻ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു. മംഗളൂരുവിന് സമീപം ബണ്ട്വാളിലെ മോണ്ടിമാരു പഡ്പുവിലാണ് സംഭവം.പ്രതിയായ ജവ്വാർ(28) സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ടു. കുത്തേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പി.യു. വിദ്യാർഥിനിയായ 17-കാരിയെയാണ് ജവ്വാർ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സമീപത്ത് പലചരക്ക് കട നടത്തുന്ന യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്.യുവാവ് പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിക്കുന്നത് കണ്ട് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റുയാത്രക്കാർ ബഹളംവെച്ചു. ഇതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ മൊഴിയെടുത്തതായും ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ഒളിവില്‍പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.