ബെംഗളൂരു: രണ്ട് ഭാര്യമാരെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ച തടവുകാരൻ ഒടുവില്‍ മോചിതനായി.72-കാരനായ സായ്ബണ്ണ എൻ നാറ്റികർ ആണ് നീണ്ട 37 വർഷത്തെ തടവ് ജീവിതത്തിന് ശേഷം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. നരച്ച താടിയും മുടിയുമായി ജയില്‍ കവാടത്തിന് പുറത്തേക്ക് നടന്നുവന്ന സായ്ബണ്ണയുടെ മുഖത്ത് താൻ ചെയ്ത ക്രൂരതകളെക്കുറിച്ച് യാതൊരുവിധ പശ്ചാത്താപവും ഉണ്ടായിരുന്നില്ല.സായ്ബണ്ണ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ വ്യക്തിയാണെന്ന് ജയില്‍ അധികൃതർ സ്ഥിരീകരിച്ചു. ജയിലിനുള്ളില്‍ ഇയാളുടെ പെരുമാറ്റം വളരെ നല്ലതായിരുന്നുവെന്ന് ഡി.ജി.പി അലോക് കുമാർ വ്യക്തമാക്കി.
ഭാര്യമാർക്ക് പരപുരുഷ ബന്ധമുണ്ടെന്ന കടുത്ത സംശയത്തെത്തുടർന്നാണ് സായ്ബണ്ണ ഈ കൊലപാതകങ്ങളെല്ലാം ചെയ്തത്. 1988-ല്‍ തന്റെ ആദ്യ ഭാര്യ മല്‍ക്കവ്വയെ സംശയത്തിന്റെ പേരില്‍ സായ്ബണ്ണ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. ഈ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് 1994-ല്‍ കോടതി പരോള്‍ അനുവദിച്ചു.എന്നാല്‍ പരോളിലിറങ്ങിയ സായ്ബണ്ണ നാഗമ്മ എന്ന സ്ത്രീയെ രണ്ടാമത് വിവാഹം കഴിക്കുകയും ഇവർക്കൊരു പെണ്‍കുഞ്ഞു ജനിക്കുകയും ചെയ്തു. എന്നാല്‍ ആ സന്തോഷത്തിന് ആഴ്ചകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ഭാര്യയ്ക്കും പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് നാഗമ്മയെയും അവരുടെ കൈക്കുഞ്ഞായ വിജയലക്ഷ്മിയെയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സായ്ബണ്ണ ക്രൂരമായി കൊലപ്പെടുത്തി. സഹകരണ മേഖലയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് ഈ കൊലപാതകങ്ങളോടെ ജോലിയും ഇന്നത്തെ വിപണിയില്‍ ഒരു കോടിയിലധികം വിലമതിക്കുന്ന 10 ഏക്കർ ഭൂമിയും നഷ്ടമായി.രണ്ടാമത് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ ക്രൂരത കണക്കിലെടുത്ത് 2003-ല്‍ വിചാരണക്കോടതി സായ്ബണ്ണയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
എന്നാല്‍ കർണാടക ഹൈക്കോടതി ഇത് പിന്നീട് ജീവപര്യന്തമായി ചുരുക്കി. തടവ് കാലത്തിനിടയില്‍ ഏകദേശം പത്ത് വർഷത്തോളം ഇയാളെ നിയമവിരുദ്ധമായി ഏകാന്ത തടവില്‍ പാർപ്പിച്ചിരുന്നു. ഇത് മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാണിച്ചും, ഇയാളുടെ കരുണഹർജി തീർപ്പാക്കാൻ ഉണ്ടായ വലിയ കാലതാമസം കണക്കിലെടുത്തുമാണ് 37 വർഷത്തെ ജയില്‍വാസത്തിന് ശേഷം സായ്ബണ്ണയെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. ജയിലിന് പുറത്തിറങ്ങിയ ശേഷവും തന്റെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയിലാണ് സായ്ബണ്ണ മാധ്യമങ്ങളോട് സംസാരിച്ചത്. “ഭാര്യമാർക്ക് പരപുരുഷ ബന്ധമുള്ളതിനാലാണ് ഞാൻ അവരെ കൊന്നത്. ഭാര്യ അന്ധയോ ഭിന്നശേഷിക്കാരിയോ ആയാലും എനിക്ക് പ്രശ്നമില്ല, പക്ഷേ വിശ്വസ്തതയായിരിക്കണം എന്നതാണ് പ്രധാനം,” യാതൊരു കുറ്റബോധവുമില്ലാതെ സായ്ബണ്ണ പറഞ്ഞു.