ബെംഗളൂരുവില്‍ അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞ് ബൈക്ക് യാത്രികരുടെ അഭ്യാസപ്രകടനം.ജൂലൈ 4-ന് പുലർച്ചെ 2.30-ഓടെ ഗോരഗുണ്ടെപാള്യയില്‍ നിന്ന് യശ്വന്ത്പൂരിലേക്കുള്ള പാതയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആംബുലൻസിന്റെ സൈറണ്‍ മുഴങ്ങിയിട്ടും അഞ്ച് മുതല്‍ ആറ് വരെ വരുന്ന ബൈക്ക് സംഘം റോഡ് കൈയടക്കി അഭ്യാസപ്രകടനങ്ങള്‍ തുടരുകയായിരുന്നു.ആംബുലൻസിലെ ഡാഷ് ക്യാമില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ ജനരോഷമാണ് ഉയർന്നത്. വിഡിയോയില്‍ ആംബുലൻസിനു മുന്നിലായി ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തുന്നവരെയും, പിന്നില്‍ ഹെല്‍മെറ്റ് പോലും ധരിക്കാതെ സഹയാത്രികർ ഇരിക്കുന്നതും വ്യക്തമാണ്.
രോഗിയുമായി അത്യാവശ്യ ഘട്ടത്തില്‍ പോകുന്ന ആംബുലൻസിനെ തടസ്സപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.സംഭവത്തില്‍ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ആംബുലൻസിലെ ഡാഷ് ക്യാം ഫൂട്ടേജുകളും പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. അടിയന്തര സേവനങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയവർക്കെതിരെ നിയമപ്രകാരമുള്ള കടുത്ത നടപടികള്‍ ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ റോഡ് സുരക്ഷാ പരിശോധനകള്‍ കർശനമാക്കണമെന്നും പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നു.