ബെംഗളൂരു: കാത്തിരിപ്പിനൊടുവില്‍ ബിഇഎംഎല്‍ നിർമ്മിച്ച രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ബെംഗളൂരുവിലെത്തിച്ചു.ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെഎസ്‌ആർ) റെയില്‍വേ സ്റ്റേഷനിലെ കോച്ചിങ് ലൈനിലാണ് നിലവില്‍ ട്രെയിനുകള്‍ ഉള്ളത്. സർവീസ് തുടങ്ങുന്നതിന് മുൻപ് സാങ്കേതിക പരിശോധനകള്‍ പൂർത്തിയാക്കേണ്ടതുണ്ട്. പരീക്ഷണ ഓട്ടവും പൂർത്തിയാക്കണം. ഇതിനായി ട്രെയിനുകള്‍ ഉടൻ പിറ്റ് ലൈനിലേക്ക് മാറ്റുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. അതേസമയം ഈ ട്രെയിനുകള്‍ ഏത് റൂട്ടിലാണ് സർവീസ് നടത്തുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.ട്രെയിനുകളുടെ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ സംവിധാനങ്ങള്‍, ബ്രേക്കിങ് ശേഷി, കമ്മ്യൂണിക്കേഷൻ സംവിധാനം, മറ്റ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയാണ് സാങ്കേതിക പരിശോധനയില്‍ റെയില്‍വെ വിലയിരുത്തുന്നത്. ഈ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ട്രെയിൻ സർവ്വീസിനായി ഉപയോഗിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.
ബെംഗളൂരു – മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉടൻ?സ്ലീപ്പർ കോച്ചുകള്‍ ബെംഗളൂരുവില്‍ എത്തിയതോടെ വലിയ പ്രതീക്ഷയിലാണ് യാത്രക്കാർ. രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ഉടൻ തന്നെ നഗരത്തിന് ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ഉടൻ ആരംഭിക്കുമെന്ന് അടുത്തിടെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ബെംഗളൂരു – മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് യാഥാർത്ഥ്യമായാല്‍ കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. രാത്രികാലത്ത് വേഗതയേറിയ ട്രെയിൻ എന്നത് ദക്ഷിണ-ഉത്തര കർണാടകയിലെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു .നിലവില്‍ ഓടുന്ന ട്രെയിനുകള്‍ 20 മണിക്കൂറിന് മുകളിലാണ് സമയമെടുക്കുന്നത്.അതേസമയം രണ്ട് സ്ലീപ്പർ ട്രെയിനുകള്‍ വളരെ വേഗത്തില്‍ നിർമ്മാണം പൂർത്തിയാക്കിയതോടെ മൂന്നാമത്തെ ട്രെയിൻ എവിടേക്കെന്ന ചോദ്യവും ഉണ്ട്. തൊട്ടടുത്ത കേരളത്തിന് പുതിയ സർവ്വീസ് ലഭിക്കുമോയെന്നും ഉറ്റുനോക്കുന്നുണ്ട്. നിലവില്‍ വന്ദേഭാരതിന് ഏറ്റവും കൂടുതല്‍ ഒക്യുപെൻസി റേറ്റ് കേരളത്തില്‍ സർവ്വീസ് നടത്തുന്ന വന്ദേഭാരതിനാണ്. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ആണ് ഇത്. ഈ ട്രെയിൻ തന്നെയാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്തായാലും റൂട്ടിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ.
2019-ല്‍ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്സ് സർവീസ് തുടങ്ങി ആറ് വർഷത്തിന് ശേഷമാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിച്ചത്. നോർത്ത് ഈസ്റ്റ് ഫ്രണ്ട്‌യർ റെയില്‍വേയുടെ കീഴില്‍ കാമാഖ്യ (ഗുവാഹത്തി) – ഹൗറ റൂട്ടിലാണ് ആദ്യ സർവീസ്. 972 കിലോമീറ്റർ ദൂരം 14 മണിക്കൂർ കൊണ്ടാണ് ഈ ട്രെയിൻ പിന്നിടുന്നത്. 800 മുതല്‍ 1,200 കിലോമീറ്റർ വരെയുള്ള രാത്രികാല യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഭാവിയില്‍ രാജധാനി എക്സ്പ്രസ്സ് പോലുള്ള പ്രീമിയം ട്രെയിനുകള്‍ക്ക് പകരമാകും.സൗകര്യങ്ങള്‍ ഏറെആകെ 16 കോച്ചുകളുള്ള ട്രെയിനില്‍ 11 തേർഡ് എസി കോച്ചുകളും, 4 സെക്കൻഡ് എസി കോച്ചുകളും, ഒരു ഫസ്റ്റ് എസി കോച്ചുമാണുള്ളത്. തേർഡ് എസിയില്‍ 611 പേർക്കും, സെക്കൻഡ് എസിയില്‍ 188 പേർക്കും, ഫസ്റ്റ് എസിയില്‍ 24 പേർക്കും ഉള്‍പ്പെടെ ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം.പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനില്‍ ഓട്ടോമാറ്റിക് ഡോറുകള്‍, സിസിടിവി ക്യാമറകള്‍, ബയോ വാക്വം ശുചിമുറികള്‍, സെൻസർ ടാപ്പുകള്‍, റീഡിങ് ലൈറ്റുകള്‍, ചാർജിങ് പോയിന്റുകള്‍ എന്നിവയുണ്ടാകും. യാത്രക്കാർക്കായി വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ ഭക്ഷണങ്ങളും ലഭ്യമാക്കും. ട്രെയിനുകളുടെ സുരക്ഷയ്ക്കായുള്ള തദ്ദേശീയ സാങ്കേതികവിദ്യയായ ‘കവച്’, അടിയന്തര ഘട്ടങ്ങളില്‍ സംസാരിക്കാനുള്ള ടോക്ക്-ബാക്ക് സംവിധാനം എന്നിവയും ഇതിലുണ്ട്.