രാജ്യത്തെ വാഹന ഉടമകള്‍ക്ക് വലിയൊരു ആശ്വാസ വാർത്ത. പെട്രോള്‍, ഡീസല്‍ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഏർപ്പെടുത്തിയിരുന്ന എല്ലാവിധ അടിയന്തര നിയന്ത്രണങ്ങളും ജൂലൈ 1 മുതല്‍ പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ആഭ്യന്തര ഇന്ധന ശൃംഖലയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മാസം നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ സർക്കാർ പെട്ടെന്ന് പിൻവലിക്കുന്നത്.പശ്ചിമേഷ്യയില്‍ ഉണ്ടായ ആഭ്യന്തര സംഘർഷങ്ങള്‍ ആഗോള ഇന്ധന വിതരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ജൂണ്‍ മാസത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കായി എത്തുന്നവർ പൊതു പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് തടയുകയും, ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസലും, 40 ലിറ്റർ പെട്രോളും മാത്രമേ നല്‍കാവൂ എന്ന് നിബന്ധന വെക്കുകയും ചെയ്തിരുന്നു.
ഈ റേഷനിംഗ് സംവിധാനമാണ് ജൂലൈ ഒന്നു മുതല്‍ ഇല്ലാതാകുന്നത്.എന്തുകൊണ്ടായിരുന്നു ഈ നിയന്ത്രണങ്ങള്‍?ഹോള്‍സെയില്‍ വിപണിയിലെയും സാധാരണ റീട്ടെയ്ല്‍ പമ്പുകളിലെയും വിലയിലുണ്ടായ ഭീമമായ വ്യത്യാസമാണ് കഴിഞ്ഞ മാസം ഇത്തരമൊരു അടിയന്തര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലെ പ്രശ്നങ്ങള്‍ കാരണം ഹോള്‍സെയില്‍ ഡീസല്‍ വില സാധാരണ പമ്പുകളിലെ വിലയേക്കാള്‍ ലിറ്ററിന് 40 രൂപയോളം വർദ്ധിച്ചിരുന്നു.ഇതോടെ വലിയ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരും ഫാക്ടറികളും തങ്ങളുടെ പതിവ് ഹോള്‍സെയില്‍ നെറ്റ്വർക്ക് ഉപേക്ഷിച്ച്, വിലക്കുറവുള്ള പൊതു റീട്ടെയ്ല്‍ പമ്പുകളിലേക്ക് വൻതോതില്‍ എത്തിത്തുടങ്ങി. ഇത് ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ പമ്പുകളില്‍ വലിയ തിരക്കിനും ഇന്ധന ക്ഷാമത്തിനും കാരണമായി. സ്വകാര്യ പമ്പുകളില്‍ വില്പന ഇടിഞ്ഞപ്പോള്‍ പൊതു പമ്പുകള്‍ കടുത്ത സമ്മർദ്ദത്തിലായി.
എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഇന്ധന സംഭരണം പൂർണ്ണമായും പഴയ പടിയായെന്നും വിപണി ശാന്തമാണെന്നും ബോധ്യപ്പെട്ടതിനാലാണ് നിയന്ത്രണങ്ങള്‍ മാറ്റുന്നത്.ജൂലൈ 1 മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമോ?ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തില്‍, ജൂലൈ 1 മുതല്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് പെട്രോള്‍-ഡീസല്‍ വില കുറയുമോ എന്ന ചോദ്യം പലർക്കുമുണ്ട്. നിലവില്‍ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ജൂലൈ ഒന്നു മുതല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ പെട്ടെന്ന് വലിയൊരു കുറവ് ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ദീർഘകാലം ഒരേപോലെ തുടരുകയാണെങ്കില്‍ മാത്രമേ എണ്ണക്കമ്പനികള്‍ ഇന്ത്യയില്‍ ചില്ലറ വില്പന വില കുറയ്ക്കാൻ തയ്യാറാവുകയുള്ളൂ. എങ്കിലും വരും ദിവസങ്ങളില്‍ വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് നേരിയ വില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.