ബംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ തുരങ്ക പാത പദ്ധതിക്ക് തറക്കല്ലിട്ടു.ബംഗളൂരുവിലെ ഏറ്റവും വലിയ കുരുക്കുകളിലൊന്നായ ഹെബ്ബാള്‍ ജങ്ഷനും മേക്രി സർക്കിളിനും ഇടയിലുള്ള യാത്ര സുഗമമാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവ്വഹിച്ചു.1,139 കോടി രൂപ ചെലവില്‍ നിർമിക്കുന്ന ഈ തുരങ്കപ്പാതക്ക് 2.2 കിലോമീറ്റർ നീളമുണ്ടാകും. ആറു വരികളുള്ള ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന തരത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി 18 മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ടണല്‍ പാതയിലൂടെയുള്ള യാത്ര പൂർണ്ണമായും ടോള്‍ രഹിതമായിരിക്കുമെന്നും പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി നിജപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗതാഗത വിദഗ്ധരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശക്തമായ എതിർപ്പുകളെ മറികടന്നാണ് കോണ്‍ഗ്രസ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. തുരങ്കപ്പാതകള്‍ ബംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.ബെല്ലാരി റോഡ്-ഹെബ്ബാള്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കം റെയില്‍വേ മേല്‍പ്പാലം, ഔട്ടർ റിങ് റോഡ്, വെറ്ററിനറി കോളജ് ക്യാമ്പസ് എന്നിവക്ക് അടിയിലൂടെ കടന്നുപോകും. അഗ്രിക്കള്‍ച്ചറല്‍ സയൻസസ് യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപമാണ് ഇത് അവസാനിക്കുക. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് സിഗ്നലുകളില്ലാതെ വേഗത്തില്‍ യാത്ര ചെയ്യാൻ ഈ പാത സഹായിക്കും.’കട്ട് ആൻഡ് കവർ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (BDA) ഇതിനാവശ്യമായ ഫണ്ട് നല്‍കുന്നത്.
നഗരത്തിന്റെ അടുത്ത 50 വർഷത്തെ വികസനം മുന്നില്‍ക്കണ്ടുള്ള പദ്ധതികളാണ് സർക്കാർ തയാറാക്കുന്നതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഹെബ്ബാളിനെ സില്‍ക്ക് ബോർഡുമായി ബന്ധിപ്പിക്കുന്ന നോർത്ത്-സൗത്ത് ടണല്‍ ഇടനാഴിക്കായുള്ള നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ടെന്നും അത് മൂന്ന്-നാല് വർഷത്തിനുള്ളില്‍ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടണല്‍ റോഡ് പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചു. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പോള്‍ സർക്കാരിന്റെ നീക്കങ്ങളെ വിമർശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിർദേശങ്ങളെയും ആരോഗ്യകരമായ വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഒരു തരത്തിലുള്ള സമ്മർദങ്ങള്‍ക്കും വഴങ്ങില്ലെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി.