Home കർണാടക ബെംഗളൂരു മെട്രോ ഫേസ് 3: ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവറുകള്‍ വേണ്ട,വന്നാല്‍ മെട്രോ യാത്രക്കാര്‍ കുറയും,റിപ്പോര്‍ട്ട്

ബെംഗളൂരു മെട്രോ ഫേസ് 3: ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവറുകള്‍ വേണ്ട,വന്നാല്‍ മെട്രോ യാത്രക്കാര്‍ കുറയും,റിപ്പോര്‍ട്ട്

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോ ഫേസ് 3 പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഡബിള്‍ ഡെക്കർ ഫ്ലൈഓവർ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് പഠന റിപ്പോർട്ട്.ഐ ഐ സി സസ്റ്റൈനബിള്‍ ട്രാൻസ്പോർട്ടേഷൻ ലാബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് സബംന്ധിച്ച്‌ മുന്നറിയിപ്പുള്ളത്. ഫേസ് 3 കോറിഡോറുകളില്‍ ഡബിള്‍ ഡെക്കർ റോഡ് സംവിധാനം കൂടി കൊണ്ടുവന്നാല്‍ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 8.09 ലക്ഷത്തില്‍ നിന്ന് 7.98 ലക്ഷമായി കുറയുമെന്നാണ് കണ്ടെത്തല്‍.കൂടുതല്‍ റോഡ് സൗകര്യങ്ങള്‍ വരുന്നത് ആളുകളെ പൊതുഗതാഗതത്തില്‍ നിന്ന് സ്വന്തം വാഹനങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുമെന്ന് പഠനത്തില്‍ പറയുന്നു. നഗരത്തിലെ തിരക്ക് കുറച്ച്‌ ഗതാഗതം സുഖമമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച മെട്രോ പദ്ധതിക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടില്‍ ഐ ഐ സി ചൂണ്ടിക്കാട്ടി.

ഡബിള്‍ ഡെക്കർ പാതകള്‍ വരുന്നതോടെ 2041-ഓടെ നഗരത്തിലെ ആളുകളുടെ യാത്രാ ശീലങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതനുസരിച്ച്‌ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ 6.4 ശതമാനവും മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ 1.4 ശതമാനവും കുറവുണ്ടാകും. അതേസമയം നഗരത്തിലെ കാർ ഉപയോഗം 3.8 ശതമാനവും ഇരുചക്ര വാഹന യാത്രകള്‍ 1.28 ശതമാനവും ഓട്ടോ, ടാക്സി സർവീസുകള്‍ 2.8 ശതമാനവും വർദ്ധിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.തുടക്കത്തില്‍ ഗതാഗതക്കുരുക്ക് കുറയാൻ ഡബിള്‍ ഡെക്കർ പാതകള്‍ സഹായിക്കുമെന്ന് തോന്നിയേക്കാം. എന്നാല്‍ പാതകള്‍ വരുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടും. സ്വാഭാവികമായും ഇത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും. പരിസ്ഥിതി മലിനീകരണം രൂക്ഷമാകുന്ന അവസ്ഥ വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.നഗരത്തില്‍ പ്രതിദിനം 17,012 കിലോഗ്രാം കാർബണ്‍ ഡയോക്സൈഡ് അധികമായി പുറന്തള്ളപ്പെടും. കൂടാതെ ഇന്ധന ഉപഭോഗത്തില്‍ പ്രതിദിനം 7,000 ലിറ്ററിന്റെ വർദ്ധനവുണ്ടാകും. ഇത് വഴി ജനങ്ങള്‍ക്ക് ദിവസേന 6.45 ലക്ഷം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണുണ്ടാകുക.

മെട്രോ ഫേസ് 3-ല്‍ ഡബിള്‍ ഡെക്കർ റോഡ് ഉള്‍പ്പെടുത്തുന്നത് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷന്റെ (ബി എം ആർ സി എല്‍) നിർമ്മാണച്ചെലവ് 2,863.53 കോടി രൂപ വർദ്ധിപ്പിക്കും. വലിയ നിർമ്മിതികള്‍, ആഴത്തിലുള്ള അടിത്തറകള്‍ എന്നിവ ചെലവ് കൂടാൻ കാരണമാകും. പദ്ധതിയുടെ സാമ്പത്തിക ലാഭത്തെ തന്നെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ബെംഗളൂരു നഗരത്തിനായി നിലവില്‍ അംഗീകരിച്ചിട്ടുള്ള ‘കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനിന്റെ’ ഭാഗമല്ല ഈ ഡബിള്‍ ഡെക്കർ പദ്ധതിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാല്‍ പുതിയ അനുമതികളില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് നിയമപരമായ തടസ്സങ്ങള്‍ക്ക് കാരണമായേക്കാം.ഫ്ലൈഓവറുകളും തുരങ്കപാതകളും ഗതാഗതക്കുരുക്ക് പൂർണ്ണമായി ഇല്ലാതാക്കില്ലെന്നും അവ കുരുക്കുകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ ആശിഷ് വർമ്മ പറഞ്ഞു. ഈ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പരിസ്ഥിതിപരമായും ബെംഗളൂരുവിന് അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group