Home തിരഞ്ഞെടുത്ത വാർത്തകൾ ലക്ഷ്യമിട്ടത്‌ 15,000 മരണം; ഒഴിവായത്‌ വന്‍ ദുരന്തം

ലക്ഷ്യമിട്ടത്‌ 15,000 മരണം; ഒഴിവായത്‌ വന്‍ ദുരന്തം

by ടാർസ്യുസ്

മുംബൈ: മുംബൈയില്‍ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ ജനങ്ങള്‍ക്ക്‌ വിഷഗുളികകള്‍ വിതരണം ചെയ്‌തയാള്‍ അറസ്‌റ്റില്‍;ഒഴിവായത്‌ വന്‍ ദുരന്തം.പുനെ വിമാന്‍ നഗര്‍ സ്വദേശി ഫയ്യാസ്‌ പ്രേംജിയാണ്‌ അറസ്‌റ്റിലായത്‌. ഗുളികകള്‍ കഴിച്ച 11 പേര്‍ക്ക്‌ അസുഖം ബാധിച്ചു. വെള്ളിയാഴ്‌ചയായിരുന്നു സംഭവം. എലിവിഷത്തിലും മറ്റ്‌ കീടനാശിനികളിലും ഉപയോഗിക്കുന്ന മാരകമായ രാസസംയുക്‌തമായ സിങ്ക്‌ ഫോസ്‌ഫൈഡാണ്‌ അയാള്‍ കാപ്‌സ്യൂളുകളില്‍ നിറച്ചത്‌. ആയിരക്കണക്കിന്‌ ആളുകളെ വിഷം കൊടുത്ത്‌ കൊല്ലാനായിരുന്നു പദ്ധതിയെന്നു പ്രേംജി പിന്നീട്‌ സമ്മതിച്ചതായി പോലീസ്‌ അറിയിച്ചു.റേ റോഡിലെ റഹ്‌മത്താബാദ്‌ ശ്‌മശാനത്തിനു സമീപം നടന്ന ആശുറ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കാണ്‌ പ്രേംജി ഗുളികകള്‍ വിതരണം ചെയ്‌തത്‌.

അവ വേദനസംഹാരികളും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുളികകളുമാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു വിതരണം. ഗുളിക കഴിച്ചതിനെ തുടര്‍ന്ന്‌ കുറഞ്ഞത്‌ 11 പേര്‍ക്കെങ്കിലും അസുഖം ബാധിച്ചതായാണ്‌ വിവരം. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ എല്ലാവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. ഗുളിക കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛര്‍ദിയും ഉണ്ടായതായി ഇരകളിലൊരാളായ സല്‍മാന്‍ സയീദ്‌ പറഞ്ഞു.അയാളുടെ ഗുളിക വിതരണം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണു ദുരന്തം ഒഴിവാക്കിയത്‌. അയാളുടെ പക്കലുണ്ടായിരുന്ന ഗുളിക ശേഖരം പോലീസ്‌ പിടിച്ചെടുത്തു. ്‌ 14,900 ഗുളികകള്‍ അയാളുടെ പക്കല്‍ ഉണ്ടായിരുന്നു. 30,000 ശൂന്യമായ കാപ്‌സ്യൂളുകള്‍ക്കും 50 കിലോഗ്രാം ഫോസ്‌ഫറസിനും പ്രതി ഓര്‍ഡര്‍ നല്‍കിയിരുന്നതായി പോലീസ്‌ അറിയിച്ചു.മൂന്ന്‌ വനിതാ വളന്റിയര്‍മാരുടെ ജാഗ്രതയാണ്‌ ആയിരക്കണക്കിന്‌ ജീവനുകള്‍ രക്ഷിച്ചത്‌. പ്രതി സംശയാസ്‌പദമായ രീതിയില്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്‌ ഇവരില്‍ ഒരാളാണ്‌ ആദ്യം ശ്രദ്ധിച്ചത്‌.

വളന്റിയര്‍മാര്‍ ഉടന്‍ തന്നെ അയാളെ തടയുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. കൂടാതെ, ഈ ഗുളിക ആരും കഴിക്കരുതെന്ന്‌ ഉച്ചഭാഷിണിയിലൂടെ അറിയിക്കുകയും ചെയ്‌തു.ചോദ്യം ചെയ്‌തപ്പോള്‍ കാപ്‌സ്യൂളുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണെന്നാണു പ്രേംജി പറഞ്ഞത്‌. എന്നാല്‍, സംശയം തോന്നിയ അവര്‍ ഒരു ഗുളിക പൊട്ടിച്ചു പരിശോധിച്ചു. ഉള്ളില്‍ പൊടി കണ്ടതിനെ തുടര്‍ന്ന്‌ കൂടുതല്‍ സംശയം തോന്നിയ അവര്‍ പോലീസിനെ വിളിക്കുകയായിരുന്നു.ബി.ബി.എ. ബിരുദധാരിയാണു പ്രതിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌. അയാളുടെ വിദേശയാത്രാ ചരിത്രവും പുറത്തുവന്നിട്ടുണ്ട്‌. അയാള്‍ മുമ്പ്‌ ഇറാനും ഇറാഖും സന്ദര്‍ശിച്ചിട്ടുണ്ടെന്ന്‌ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 123 പ്രകാരം ബൈക്കുള പോലീസ്‌ സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌.സംഭവത്തിന്‌ പിന്നില്‍ ഭീകരവാദ ബന്ധമുണ്ടോ എന്നും ഈ ഗൂഢാലോചനയ്‌ക്ക്‌ പിന്നിലെ സൂത്രധാരന്മാര്‍ ആരാണെന്നും പോലീസ്‌ അന്വേഷിച്ചുവരികയാണ്‌.

You may also like

error: Content is protected !!
Join Our WhatsApp Group