ബംഗളൂരു: വിദേശ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 92.55 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിയെടുക്കുകയും ഈ തുക കര്‍ണാടക, ഛത്തീസ്ഗഡ്, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബെംഗളൂരു പോലീസ് എഫ്.ഐ.ആര്.രജിസ്റ്റര്‍ ചെയ്തു.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയെത്തുടര്‍ന്ന് യു.എസ്. ആസ്ഥാനമായുള്ള ‘തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന സംഘടനയ്ക്കും മറ്റ് ഏഴ് വ്യക്തികള്‍ക്കുമെതിരെയാണ് കേസ്.ജൊനാഥന് എസ്. രാജന്, മീകാ മാര്‍ക്ക്, അജിത് വര്‍ഗീസ് മത്തായി, വര്‍ഗീസ് ചാക്കോ, ബബ്ലു കുര്‍മി, സുപ്രീം ജോയ് എന്നിവരും യു.എസ്. സംഘടനയായ ‘തിമോത്തി ഇനിഷ്യേറ്റീവ്’ യുമാണ് എഫ്.ഐ.ആറിലുള്ള പ്രധാന പ്രതികള്‍.പ്രതികള്‍ വിദേശ ബാങ്കുകളുമായി ബന്ധിപ്പിച്ച ഡെബിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി 2025 ഏപ്രിലിനും 2026-നുമിടയില്‍ ഇന്ത്യയിലുടനീളമുള്ള എടിഎമ്മുകളില്‍ നിന്ന് 92.55 കോടി രൂപ പിന്‍വലിച്ചതായാണ് പരാതി.
ഇത് വിദേശനാണ്യ മാനേജ്മെന്റ് നിയമത്തിന്റെ ലംഘനമാണെന്ന് ഇ.ഡി. വ്യക്തമാക്കുന്നു. ഇതില്‍ ഏകദേശം 44 കോടി രൂപ കര്‍ണാടക, ഛത്തീസ്ഗഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പിന്‍വലിച്ചത്.’സന്തോഷ് കുമാര്‍’ എന്ന പേരില്‍ നല്‍കിയിട്ടുള്ളതായിരുന്നു ഈ കാര്‍ഡുകള്‍. ‘തിമോത്തി ഇനിഷ്യേറ്റീവ് ഇന്ത്യ’യുടെ സാമ്പത്തിക ഇടപാടുകള്‍ മേല്‍നോട്ടം വഹിച്ചിരുന്നത് മീകാ മാര്‍ക്ക് ആണെന്ന് ഇ.ഡി. കണ്ടെത്തി.യഥാര്‍ത്ഥ കെ.വൈ.സി രേഖകള്‍ ഒളിപ്പിച്ചു വെച്ച് ആയിരത്തിലധികം ഡെബിറ്റ് കാര്‍ഡുകളാണ് പ്രതികള്‍ രാജ്യത്തുടനീളം വിതരണം ചെയ്തത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി, സംഘടനയുടെ സെര്‍വറുകളില്‍ സംഭരിച്ചിരുന്ന സോഫ്റ്റ്വെയര് ഡാറ്റകള്‍ പ്രതികള്‍ ഇല്ലാതാക്കിയതായും അന്വേഷണസംഘം ആരോപിക്കുന്നു.ഛത്തീസ്ഗഡിലെ ധംതരി, ബസ്തര്‍ തുടങ്ങിയ നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ഈ വിദേശ കാര്‍ഡുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ പണം പിന്‍വലിച്ചതായി ഇ.ഡി.യുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ എടിഎമ്മുകളില്‍ നിന്ന് 10,000 രൂപ വീതം വരുന്ന ഏകദേശം 3,200 ഇടപാടുകളിലൂടെ 3.2 കോടി രൂപയാണ് പിന്‍വലിച്ചത്.
പദ്ധതിയുടെ ഇന്ത്യയിലെ തലവനായ ഒന്നാം പ്രതി ജൊനാഥന് എസ്. രാജനും, സാമ്പത്തിക കാര്യ മേധാവിയായ മൂന്നാം പ്രതി അജിത് വര്‍ഗീസ് മത്തായിയും ചേര്‍ന്നാണ് എടിഎം വഴി പണം പിന്‍വലിക്കാനുള്ള ഗൂഢാലോചന നടത്തിയത്. നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ കമ്പനികള്‍ വഴിയാണ് അജിത് വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇയാളില്‍ നിന്ന് 37 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്.വ്യക്തികളെ സ്വാധീനിക്കാനും അവരെ തീവ്രമായ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിച്ചതെന്ന് ഇ.ഡി. ആരോപിക്കുന്നു.പിന്‍വലിച്ച ഫണ്ടുകളില്‍ ചിലത് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചതായും പരാതിയിലുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ താഴേത്തട്ടില്‍ പണം വിതരണം ചെയ്യാനും മറ്റ് സഹായങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ചവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.