ബെംഗളൂരു: ചിക്കൻ ബിരിയാണിക്ക് 500 രൂപ, മസാല ദോശക്ക് 150 രൂപ, ഒരു പ്ലേറ്റ് ഇഡലിക്ക് 150 രൂപ എന്നിങ്ങനെയാണ് വിലയെങ്കിലോ? ഞെട്ടേണ്ട, ഹോട്ടല്‍ ഭക്ഷണത്തിന് വൈകാതെ ഈ തുക കൊടുക്കേണ്ടി വരും. കാരണം ഹോട്ടല്‍ ഭക്ഷണത്തിന് വില വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോട്ടല്‍ അസോസിയേഷനുകള്‍. സംസ്ഥാന സർക്കാർ കുറഞ്ഞ വേതനം വർധിപ്പിക്കാൻ ഒരുങ്ങുന്നതും ഇന്ധനവിലയും അവശ്യവസ്തുക്കളുടെ നിരക്കുകളും ഉയരുന്നതുമാണ് ഭക്ഷണവില കുത്തനെ വർധിക്കാനുള്ള പ്രധാന കാരണമെന്ന് ഇവർ പറയുന്നു. ശരാശരി 60 ശതമാനം വരെ വില വർധനവ് ഉണ്ടാകാമെന്നാണ് അസോസിയേഷനുകള്‍ വ്യക്തമാക്കുന്നത്.മസാല ദോശയുടെ വില നിലവിലെ 80 രൂപയില്‍ നിന്ന് ഏകദേശം 150 രൂപയിലേക്കും, വെജിറ്റേറിയൻ ഊണ് 150-200 രൂപയില്‍ നിന്ന് 250-300 രൂപയിലേക്കും ഉയരാൻ സാധ്യതയുണ്ടെന്ന് കർണാടക സ്റ്റേറ്റ് ഹോട്ടല്‍സ് അസോസിയേഷൻ (KSHA) പ്രസിഡന്റ് ജി.കെ. ഷെട്ടി വ്യക്തമാക്കി.
നിലവില്‍ 300-350 രൂപ നിരക്കിലുള്ള ചിക്കൻ ബിരിയാണി 500 രൂപയ്ക്ക് സമീപമാകുമെന്നും, പ്ലേറ്റ് ഇഡ്ഡലിക്ക് 80 മുതല്‍ 100 രൂപയ്ക്ക് മുകളിലേക്കും വില ഉയരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദർശിനികള്‍, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍, ഇടത്തരം റെസ്റ്റോറന്റുകള്‍ തുടങ്ങി നഗരത്തിലെ ഭൂരിഭാഗം ഭക്ഷണശാലകളും വർധിച്ച പ്രവർത്തനച്ചെലവിന്റെ സമ്മർദ്ദത്തിലാണ്. ഈ അധികഭാരം ഉപഭോക്താക്കളുടെ മുകളിലേക്ക് ഇടാൻ തങ്ങള്‍ നിർബന്ധിതരാകുകയാണെന്ന് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കുന്നു. കർണാടകയില്‍ ഏകദേശം 60,000 ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇതില്‍ 15,000 ഹോട്ടലുകള്‍ കെഎസ്എച്ച്എയുടെ അംഗങ്ങളാണ്.ബെംഗളൂരുവിലെ അവിദഗ്ധ തൊഴിലാളികളുടെ പുതുക്കിയ കുറഞ്ഞ വേതനം 23,000 രൂപയ്ക്ക് മുകളിലെത്തുമെന്നാണ് കണക്ക്. ഇതിന് പുറമെ ഇഎസ്ഐ, പിഎഫ്, ഭക്ഷണം, താമസം, യൂണിഫോം എന്നിവയുടെ ചിലവും ചേർന്നാല്‍ ഒരു ജീവനക്കാരനായി ഏകദേശം 36,000 രൂപ വരെ ചെലവാകുമെന്ന് ജി.കെ. ഷെട്ടി പറഞ്ഞു. ഈ സാഹചര്യം ചെറുകിട ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാടിനെയും ആന്ധ്രാപ്രദേശിനെയും അപേക്ഷിച്ച് ഹോസ്പിറ്റലിറ്റി മേഖലയിലെ തൊഴിലാളി വേതനം ഇപ്പോള്‍ കർണാടകയിലാണ് ഏറ്റവും കൂടുതലെന്ന് ഹോട്ടല്‍ അസോസിയേഷൻ അവകാശപ്പെടുന്നു.
സർക്കാർ നിർദ്ദേശങ്ങള്‍ പാലിച്ച് സുതാര്യമായി ബിസിനസ് നടത്തുന്ന ഹോട്ടലുകള്‍ക്ക് വില വർധനവ് ഒഴിവാക്കാനാകില്ലെന്നും അടുത്ത മാസങ്ങളില്‍ ഘട്ടംഘട്ടമായി നിരക്ക് കൂട്ടേണ്ടിവരുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നല്കി.അതേസമയം, അരിവില ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ നിരക്കിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സോന മസൂറി അരിക്ക് കിലോയ്ക്ക് അഞ്ച് രൂപയും ജീര റൈസിന് കിലോയ്ക്ക് പത്ത് രൂപയും വരെ വർധിച്ചതായി ഹോട്ടല്‍ ഉടമകള്‍ പറയുന്നു. വിലവർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് അനിവാര്യമാണെന്നായിരുന്ന് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.പ്രവർത്തനച്ചെലവ് തുടർച്ചയായി ഉയരുന്ന സാഹചര്യത്തില്‍ ചില ഹോട്ടലുകളില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന ആശങ്കയും മേഖലയിലുണ്ട്. ബെംഗളൂരുവില്‍ ഭക്ഷണവില കുത്തനെ ഉയർന്നാല്‍ അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുക ഐടി ജീവനക്കാർ, വിദ്യാർത്ഥികള്‍, പുറത്തുനിന്ന് ജോലി തേടി എത്തിയ ആയിരക്കണക്കിന് സാധാരണക്കാരായ ആളുകള്ക്കായിരിക്കുമെന്ന വിലയിരുത്തലുമുണ്ട്.