ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈൻ വൈകുമെന്ന് റിപ്പോർട്ട്. കലേന അഗ്രഹാരയ്ക്കും താവരേക്കരെയ്ക്കും ഇടയിലുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാത 2026 മെയ് മാസത്തിന് പകരം ഓഗസ്റ്റ് 15-ഓടെ മാത്രമേ തുറക്കാൻ സാധ്യതയുള്ളൂ.മെയ് 9-ന് സുരക്ഷാ പരിശോധനകള്‍ പൂർത്തിയായെങ്കിലും, പ്രധാനപ്പെട്ട അനുമതികളും സ്റ്റേഷൻ ജോലികളും ഇനിയും പൂർത്തിയാകാനുണ്ട്.ഈ മാസം എലിവേറ്റഡ് ഭാഗത്തെ ട്രയല്‍ റണ്‍ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ പൂർത്തിയാക്കി. അടുത്ത മൂന്നാഴ്ചക്കുള്ളില്‍ ഇതിന്റെ റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. അതിനുശേഷം, യാത്രക്കാർക്കായി സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറില്‍ നിന്നും റെയില്‍വേ ബോർഡില്‍ നിന്നും അനുമതികള്‍ തേടണം.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 15 ഉദ്ഘാടനം ലക്ഷ്യമിടാൻ മുതിർന്ന മെട്രോ ഉദ്യോഗസ്ഥർ അനൗപചാരികമായി ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ, 2026 മാർച്ച്, 2026 മെയ് തുടങ്ങിയ മുൻകാല സമയപരിധികള്‍ ഇതിനോടകം ഏജൻസിക്ക് തെറ്റിയിരുന്നു. ഇത് ബാനർഘട്ട റോഡിലെ തുടരുന്ന ഗതാഗതക്കുരുക്കിന് പിന്നാലെ പൊതുജനങ്ങളില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്.ഡയറി സർക്കിളിനും നാഗവാരയ്ക്കും ഇടയിലുള്ള 13.7 കിലോമീറ്റർ ഭൂഗർഭ പാതയുടെ നിർമ്മാണം 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ഔദ്യോഗികമായി ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത് ഈ ഭാഗം 2027-ലേക്ക് നീളാൻ സാധ്യതയുണ്ടെന്നാണ്. ഇതോടെ കലേന അഗ്രഹാര-നാഗവാര പാതയുടെ പൂർണമായ സർവീസ് നിലവിലെ ഷെഡ്യൂളിനേക്കാള്‍ വൈകിയേക്കും.ബെംഗളൂരുവിന്റെ തെക്ക് കലേന അഗ്രഹാര മുതല്‍ വടക്ക് നാഗവാര വരെ 21.25 കിലോമീറ്റർ ദൂരത്തിലാണ് പിങ്ക് ലൈൻ നിർമ്മിക്കുന്നത്. ഇതില്‍ 18 സ്റ്റേഷനുകളുണ്ട്, കൂടുതലും ഭൂഗർഭ പാതയിലാണ്. ബാനർഘട്ട റോഡ്, ഡയറി സർക്കിള്‍, ലാംഗ്ഫോർഡ് ടൗണ്‍, എംജി റോഡ്, ശിവാജി നഗർ, കന്റോണ്‍മെന്റ് പ്രദേശം, പോട്ടറി ടൗണ്‍, നാഗവാര എന്നിവയ്ക്ക് ചുറ്റുമുള്ള പ്രധാന സ്ഥലങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു.ഒന്നാം ഘട്ടത്തിലെ കലേന അഗ്രഹാര-താവരേക്കരെ (7.5 കി.മീ) പാതയാണ് ഓഗസ്റ്റ് 15-ഓടെ തുറക്കാൻ സാധ്യതയുള്ളത്.
രണ്ടാം ഘട്ടത്തിലെ ഡയറി സർക്കിള്‍ – നാഗവാര (13.7 കി.മീ) പാത 2026 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇരു ഘട്ടങ്ങളും പൂർത്തിയായാല്‍ 21.25 കി.മീറ്ററുള്ള മുഴുവൻ ലൈനും യാത്രക്കാർക്കായി തുറക്കും.ജയദേവ ഹോസ്പിറ്റല്‍ സ്റ്റേഷനില്‍ യെല്ലോ ലൈനുമായും, എംജി റോഡില്‍ പർപ്പിള്‍ ലൈനുമായും ഇത് ബന്ധിപ്പിക്കും. ഡയറി സർക്കിളില്‍ റെഡ് ലൈനുമായും നാഗവാരയില്‍ ബ്ലൂ ലൈനുമായും ഭാവിയില്‍ ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്. കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ ഇന്ത്യൻ റെയില്‍വേ സബർബൻ സർവീസുകളിലേക്കും പ്രവേശനം ലഭിക്കും.എലിവേറ്റഡ് പാതയ്ക്കായി ബിഇഎംഎല്‍ അഞ്ച് ട്രെയിൻ സെറ്റുകള്‍ എത്തിച്ചിട്ടുണ്ട്.
പിങ്ക് ലൈനിനായി മൊത്തം 16 ട്രെയിനുകളാണ് നല്‍കുക. നൂതന ആശയവിനിമയ അധിഷ്ഠിത ട്രെയിൻ നിയന്ത്രണ സംവിധാനത്തിനാണ് ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യ വർഷങ്ങളില്‍ ഡ്രൈവർമാർ സർവീസുകള്‍ നടത്തുമെങ്കിലും പിന്നീട് പൂർണമായും ഡ്രൈവറില്ലാത്ത ഓപ്പറേഷനാണ് ലക്ഷ്യമിടുന്നത്.അതേസമയം, ചെലവ് വർധനവ് ഈ പദ്ധതിയുടെ മെല്ലെപ്പോക്കിന് അടിവരയിടുന്നു. ഒന്നാം ഘട്ട മെട്രോയുടെ ചെലവ് 2005-ല്‍ 6395 കോടി രൂപയായിരുന്നത് 14,133 കോടിയായി വർധിച്ചു. അതുപോലെ, രണ്ടാം ഘട്ടത്തിന്റെ കണക്കാക്കിയ ചെലവ് 2014-ല്‍ 26,405 കോടി രൂപയായിരുന്നത് 2024-ല്‍ 40,614 കോടി രൂപയിലെത്തി. ഇതോടെ എത്രയും പെട്ടെന്ന് തന്നെ ജോലികള്‍ പൂർത്തിയാക്കി പാത തുറന്ന് കൊടുക്കണമെന്നാണ് പ്രധാന ആവശ്യം.