ബെംഗളൂരു : സംസ്ഥാനത്ത് പുതുതായി 1,234 വൈദ്യുതി വാഹനചാർജിങ് യൂണിറ്റുകൾകൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി. 123.26 കോടി രൂപ ചെലവിൽ പി.എം. ഇ-ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. പി.എം. ഇ-ഡ്രൈവ് പദ്ധതിയിൽ രാജ്യവ്യാപകമായി ഇ.വി. ചാർജിങ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പുതുതായി 4,874 ഇ.വി. ചാർജിങ് യൂണിറ്റുകൾക്ക് അംഗീകാരം നൽകിയതായും കുമാരസ്വാമി പറഞ്ഞു.