കേരളം: കേരളത്തിൽ നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.കോഴിക്കോട് 400 കെ.വി.സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിൻ്റെ 220 കെ.വി. ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്. ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിട്ടുണ്ട്.തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരും. അതിനാൽ, വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്.