മികച്ച ജോലി, ഉയർന്ന ലൈഫ്‌സ്റ്റൈല്‍ , ഉയർന്ന ശമ്പളം എന്നിവയാണ് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടയാളങ്ങളായി പലപ്പോഴും കണക്കാക്കുന്നത്.എന്നാല്‍ നന്നായി ശമ്പളം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സാധിക്കുമോ? ഇല്ലെന്നാണ് ധനകാര്യ വിദഗ്ധർ പറയുന്നത്. ജീവിതച്ചെലവുകളുടെ വർദ്ധനവ്, അനാവശ്യ ചിലവുകള്‍, നിയന്ത്രണമില്ലാത്ത ഷോപ്പിംഗ് ശീലം, ഇഎംഐ ബാധ്യതകള്‍, സമ്പാദ്യത്തിലെ സ്ഥിരതയില്ലായ്മ എന്നിവയാണ് ഇന്ന് പല പ്രൊഫഷണലുകളെയും സാമ്പത്തിക സുരക്ഷിതത്വത്തില്‍ നിന്ന് അകറ്റുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.അതുകൊണ്ടുതന്നെ മികച്ച ബഡ്ജറ്റിംഗ്, ചിട്ടയായ സമ്പാദ്യശീലം, ദീർഘകാല നിക്ഷേപങ്ങള്‍, ഭാവിയെ മുൻനിർത്തിയുള്ള സാമ്പത്തിക ആസൂത്രണം എന്നിവയുടെ പ്രാധാന്യം ഇവർ ഊന്നി പറയുന്നു. ഇപ്പോഴിതാ തൻ്റെ അനുഭവത്തിലൂടെ ഇതിനെ ശരിവെയ്ക്കുകയാണ് ബെംഗളൂരു ആസ്ഥാനമായ ചാർട്ടേഡ് അക്കൗണ്ടന്റ് മീനല്‍ ഗോയല്‍.
ഇത് സംബന്ധിച്ച മീനലിൻ്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സ്വന്തം ജീവിതത്തില്‍ നടന്ന സാമ്പത്തിക മാറ്റങ്ങളെയും അതിലൂടെ പഠിച്ച പ്രധാന പാഠങ്ങളെ കുറിച്ചും അവർ ലിങ്ക്ഡ്‌ഇനില്‍ പങ്കുവെച്ചു.26-ാം വയസില്‍ തനിക്ക് മികച്ച ശമ്പള വർദ്ധനവ് ലഭിച്ചതിനെ കുറിച്ച് അവർ പങ്കിട്ടിട്ടുണ്ട്. ആ സമയത്ത് കൂടുതല്‍ വരുമാനം ലഭിക്കുന്നത് സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള വലിയ ചുവടുവെയ്പ്പായി തോന്നിയെന്നാണ് അവർ പറയുന്നത്.എന്നാല്‍, ശമ്പളം ഉയർന്നതോടെ ജീവിതശൈലിയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. മുമ്പ് നിയന്ത്രിച്ചിരുന്ന ചിലവുകള്‍ ക്രമേണ വർദ്ധിച്ചു. മികച്ച റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നത് പതിവായി. ഓണ്‍ലൈൻ ഷോപ്പിംഗ് വർദ്ധിച്ചു. പൊതുഗതാഗതത്തിന് പകരം ക്യാബ് യാത്രകള്‍ കൂടുതല്‍ തിരഞ്ഞെടുക്കാൻ തുടങ്ങി. അതിനൊപ്പം ഇഎംഐ ബാധ്യതകളും കൂട്ടി. ആദ്യം ഇതെല്ലാം ചെറിയ മാറ്റങ്ങളായി തോന്നിയെങ്കിലും, വരുമാന വർദ്ധനവിനൊപ്പം ചെലവുകളും അതേ വേഗത്തില്‍ ഉയരുകയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്ന് അവർ പറയുന്നു.
കൂടുതല്‍ സമ്പാദിക്കുന്നതിനാല്‍ കൂടുതല്‍ ചെലവഴിക്കുന്നതില്‍ പ്രശ്നമില്ലെന്ന തോന്നലാണ് ഈ ഘട്ടത്തില്‍ പലർക്കും ഉണ്ടാകുകയെന്ന് മീനല്‍ ഗോയല്‍ പറയുന്നു. എന്നാല്‍ യാഥാർത്ഥ്യത്തില്‍ നമ്മുടെ സമ്പാദ്യത്തെ അത് നേരിട്ട് ബാധിക്കുന്നുണ്ട്. ശമ്പളം ഉയർന്നിട്ടും മാസാവസാനത്തില്‍ കൈയ്യില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ് പലപ്പോഴും നേരിടാറുള്ളത്.വർഷാവസാനം ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് ഈ യാഥാർത്ഥ്യം വ്യക്തമായതെന്നും അവർ പറയുന്നു. മികച്ച ശമ്പളവും സ്ഥിരമായ വരുമാനവും ഉണ്ടായിരുന്നിട്ടും സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതുപോലെ ഉണ്ടായിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.ഇതോടെയാണ് ഒരു പ്രധാന സാമ്പത്തിക പാഠം തനിക്ക് മനസ്സിലായതെന്ന് മീനല്‍ ഗോയല്‍ പറയുന്നു. പല പ്രൊഫഷണലുകളും സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് കുറഞ്ഞ വരുമാനം കൊണ്ടല്ല. മറിച്ച്, ഓരോ ശമ്പള വർദ്ധനവിനും പിന്നാലെ ജീവിതനിലവാരം ഉയർത്താനുള്ള ശീലമാണ് യഥാർത്ഥ പ്രശ്നമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ വരുമാനം ലഭിക്കുന്നതോടെ ആളുകള്‍ ഉടൻ തന്നെ കൂടുതല്‍ ചെലവേറിയ ജീവിതരീതിയിലേക്ക് മാറുന്നു. എന്നാല്‍ അതേ സമയം സമ്പാദ്യത്തിനും നിക്ഷേപങ്ങള്‍ക്കും വേണ്ട പ്രാധാന്യം നല്‍കാതെ പോകുന്നു.
ഇത് ദീർഘകാല സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്ന വലിയ കാര്യമാണെന്നും അവർ മുന്നറിയിപ്പ് നല്‍കി. ഇന്ന് നിരവധി യുവ പ്രൊഫഷണലുകള്‍ നല്ല ശമ്പളം ലഭിച്ചിട്ടും സാമ്പത്തിക സമ്മർദ്ദങ്ങള്‍ നേരിടുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും മീനല്‍ ഗോയല്‍ അഭിപ്രായപ്പെടുന്നു. വരുമാനം വർദ്ധിക്കുന്നതിനെക്കാള്‍ പ്രധാനമാണ് പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതെന്ന് അവർ പറഞ്ഞു.ഇതില്‍ നിന്നും താൻ എങ്ങനെ പുറത്ത് കടന്നുവെന്നതിനെ കുറിച്ചും അവർ പങ്കുവെച്ചു. ഒരു ഓരോ ശമ്പള വർദ്ധനവിന്റെയും ഒരു ഭാഗം ആദ്യം നിക്ഷേപങ്ങള്‍ക്കും സമ്പാദ്യത്തിനുമായി മാറ്റിവെക്കണം. അതിന് ശേഷമുള്ള തുക ഉപയോഗിച്ചായിരിക്കണം ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ടത്.
സാധാരണയായി ആളുകള്‍ ആദ്യം ചെലവുകള്‍ കൂട്ടുകയും പിന്നീട് ബാക്കിയുള്ളതില്‍ നിന്ന് സമ്പാദിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ രീതിയാണ് സാമ്പത്തിക വളർച്ചയെ തടയുന്നതെന്ന് അവർ പറയുന്നു.യഥാർത്ഥ സാമ്പത്തിക വിജയം കൂടുതല്‍ സമ്പാദിക്കുന്നതില്‍ മാത്രമല്ലെന്നും, ലഭിക്കുന്ന വരുമാനം എങ്ങനെ ദീർഘകാലത്തേക്ക് നിലനിർത്തുകയും വളർത്തുകയും ചെയ്യുന്നു എന്നതിലാണെന്നും മീനല്‍ ഗോയല്‍ ഓർമ്മിപ്പിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം എന്നത് വലിയ ശമ്പളം മാത്രമല്ല, മറിച്ച് ചെലവ് നിയന്ത്രിക്കുന്ന ശീലങ്ങളും ബോധപൂർവമായ നിക്ഷേപങ്ങളും ഭാവിയെ മുൻനിർത്തിയുള്ള സാമ്പത്തിക ആസൂത്രണവുമാണെന്നാണ് അവരുടെ അഭിപ്രായം.