ചെന്നൈ: മകളെ കൊലപ്പെടുത്തിയയാള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരില്‍ പ്രണയത്തില്‍ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തില്‍ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറിനെയാണ് കാവ്യയുടെ പിതാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്.ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്.അജിത്ത് ജാമ്യത്തിലിറങ്ങിയ വിവരമറിഞ്ഞ കാവ്യയുടെ പിതാവ് പുണ്യമൂര്‍ത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്. അമ്മന്‍പേട്ട പൊലീസില്‍ കീഴടങ്ങിയ നാലു പേരെയും റിമാന്‍ഡ് ചെയ്തു. ആലങ്കുടി ഗവ. പ്രൈമറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്ന പി.കാവ്യ കഴിഞ്ഞ വര്‍ഷം നവംബറിലാണു കൊല്ലപ്പെട്ടത്. മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതില്‍ പ്രകോപിതനായ അജിത് കുമാര്‍, ഇരുചക്ര വാഹനത്തില്‍ സ്‌കൂളിലേക്കു പോകവേ, കാവ്യയെ തടഞ്ഞുനിര്‍ത്തി വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു.