വാഷിംഗ്ടണ്‍: ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വലിയ പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.അതിർത്തിയില്‍ ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായതായാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ മികച്ച സംഭാഷണങ്ങള്‍ക്കൊടുവിലാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.
ലോകമെമ്പാടുമുള്ള ഒൻപത് യുദ്ധങ്ങള്‍ പരിഹരിക്കാൻ തനിക്ക് സാധിച്ചുവെന്നും ഇത് തന്റെ പത്താമത്തെ ദൗത്യമാണെന്നും അദ്ദേഹം കുറിച്ചു. ഇസ്രായേലും ലെബനനും തമ്മില്‍ സമാധാന പ്രക്രിയയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ 34 വർഷത്തിനിടയില്‍ ആദ്യമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയതായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതിന് സാക്ഷ്യം വഹിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ സുസ്ഥിരമായ ഒരു സമാധാന കരാറിലെത്താൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഇസ്രായേല്‍ പ്രധാനമന്ത്രിയെയും ലെബനൻ പ്രസിഡന്റിനെയും വൈറ്റ് ഹൗസിലേക്ക് അദ്ദേഹം നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും അർത്ഥവത്തായ ചർച്ചയാകും ഇതെന്ന് ട്രംപ് അവകാശപ്പെടുന്നു. അതേസമയം, വെടിനിർത്തല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇറാാൻ അംബാസഡർ വഴി ഹിസ്ബുള്ളയെയും അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിക്കുകയാണെങ്കില്‍ മാത്രമേ തങ്ങള്‍ ഈ കരാറുമായി സഹകരിക്കൂ എന്നാണ് ഹിസ്ബുള്ളയുടെ നിലപാട്.മാർച്ച് രണ്ടിന് ആരംഭിച്ച കനത്ത പോരാട്ടത്തിന് ഈ വെടിനിർത്തല്‍ ഒരു താല്‍ക്കാലിക ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. ഈ പത്ത് ദിവസത്തെ പരീക്ഷണ കാലയളവ് വരും ദിവസങ്ങളില്‍ മേഖലയില്‍ ശാശ്വതമായ സമാധാനം കൊണ്ടുവരുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ഈ നീക്കം പശ്ചിമേഷ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.