കര്‍ണാടക: ബെംഗളൂരു പീനിയയില്‍ അമ്മയ്ക്ക് തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇത് ചോദ്യം ചെയ്യാനെത്തിയ സ്ത്രീയെയും അവരുടെ സഹോദരനെയും പതിനാറുകാരന് കുത്തിക്കൊന്നു.ബുധനാഴ്ച രാവിലെയാണ് ബെംഗളൂരു പീനിയയില്‍ പതിനാറുകാരന് രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയത്. മുപ്പത്തിയാറുകാരി യമുന, സഹോദരന് സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് യമുനയുടെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊലപാതകത്തിന് പിന്നാലെ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പതിനാറുകാരന്റെ അമ്മയായ ഛായ എന്ന സ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചാണ് യമുനയും സുധീപും എത്തിയത്. കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുവരും ഛായയ്ക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പതിനാറുകാരനായ മകന് ഇത് തടയാനെത്തിയത്. സംഘര്‍ഷത്തിനിടെ കത്തി കൈക്കലാക്കി വിദ്യാര്‍ത്ഥി ഇരുവരെയും കുത്തുകയായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ പത്തിലേറെ തവണ കുത്തേറ്റതായി സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി.
യമുനയും സുധീപും തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ മുറിക്കകത്ത് കയറി വാതിലടച്ച പതിനാറുകാരന് പൊലീസാവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ പിതാവ് എത്തി ആവശ്യപ്പെട്ട ശേഷമാണ് വിദ്യാര്‍ത്ഥി കത്തിയുമായി പുറത്തെത്തിയത്.ഇതിനിടെ അമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞ യമുനയുടെ മകള്‍ ബാത്ത്റൂം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഈ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഛായയെയും പതിനാറുകാരന് മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. നേരത്തെ എതിര്‍വശത്തെ വീടുകളിലാണ് ഛായയും യമുനയും താമസിച്ചിരുന്നത്. ഇവിടെ വച്ച് ഛായയും യുമനയുടെ ഭര്‍ത്താവ് മല്ലിഗൗഡയും തമ്മില്‍ അടുപ്പത്തിലായെന്നാണ് ആരോപണം. പിന്നീട് യമുന താമസം മാറിയെങ്കിലും ഇരുവരും അടുപ്പം തുടര്‍ന്നതോടെയാണ് യമുന സഹോദരനുമായി ചോദ്യം ചെയ്യാനെത്തിയത്.