ബെംഗളുരു: എല്‍പിജി പ്രതിസന്ധിക്കിടെ സിലിണ്ടർ മോഷണം. ബെംഗളൂരുവിലെ ബെഗുരുവിലാണ് സംഭവം. ആർസി ലേയൗട്ടിലെ വിശ്വപ്രിയ അപ്പാർട്ട്മെൻ്റിലാണ് മോഷണം നടന്നത്.ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ രണ്ട് സിലിണ്ടറുകളുമായി സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.മോഷ്ടാക്കളില്‍ ഒരാള്‍ ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒപ്പമുള്ളയാള്‍ റെസിഡൻസിന്റെ മുറ്റത്ത് കയറി രണ്ട് പാചകവാതക ഗ്യാസ് സിലിണ്ടറുകള്‍ എടുത്തുകൊണ്ട് വരികയും ടൂവീലറില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. പിന്നാലെ ബെഗൂർ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എല്‍പിജി ക്ഷാമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കേയാണ് തുടർച്ചയായി കർണാടകയില്‍ നിന്നും സിലിണ്ടർ മോഷണ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം ബെംഗളൂരുവില്‍ രണ്ട് എല്‍പിജി മോഷണ കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.കല്യാണ്‍ നഗർ മേഖലയില്‍ സിലിണ്ടറുകള്‍ ചാക്കിലാക്കി കടയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊന്ന് ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗറില്‍ ചന്നാപാട്‌നയിലാണ് നടന്നത്. ഇവിടെ വീട്ടില്‍ ആളുകള്‍ ഇല്ലാത്ത നേരം നോക്കിയാണ് മോഷ്ടാക്കള്‍ സിലിണ്ടറുമായി കടന്നുകളഞ്ഞത്. സിലിണ്ടർ മാറ്റാനായി നോക്കുമ്പോഴാണ് മോഷ്ടിക്കപ്പെട്ടുവെന്ന് വീട്ടുകാർക്ക് മനസിലായത്.