Home കർണാടക ബെംഗളൂരുവിലെ യാത്രക്കാര്‍ ഇനിയും കാത്തിരിക്കണം; 2 റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണം ഇഴയുന്നു, കാരണം?

ബെംഗളൂരുവിലെ യാത്രക്കാര്‍ ഇനിയും കാത്തിരിക്കണം; 2 റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണം ഇഴയുന്നു, കാരണം?

by ടാർസ്യുസ്

ബെംഗളൂരു: അടുത്തകാലത്തായി ബെംഗളൂരു നഗരത്തിന് ഉണ്ടായിരിക്കുന്ന വലിയൊരു മാറ്റം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളിലെ, പ്രത്യേകിച്ച്‌ യാത്രാ സൗകര്യങ്ങളിലെ മാറ്റമാണ്.അതിനായി പുതിയ റോഡുകള്‍, പാലങ്ങള്‍ എന്നിവ നിർമ്മിക്കുകയും പഴയവ പുതുക്കി പണിയുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് മെട്രോ, ട്രെയിൻ ഗതാഗത സൗകര്യങ്ങള്‍ വർധിപ്പിക്കുന്നത്. ഇത് കൂടാതെ ബെംഗളൂരുവിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും ജോലികള്‍ പുരോഗമിക്കുന്നു.എന്നാല്‍ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍വേ സ്‌റ്റേഷനുകളായ ബെംഗളൂരു കാന്റോണ്‍മെന്റ്, യശ്വന്ത്പുർ എന്നിവയുടെ പുനർവികസന പ്രവർത്തനങ്ങള്‍ മുൻ നിശ്ചയിച്ച പ്രകാരമുള്ള സമയ പരിധിയില്‍ പൂർത്തിയാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇരു പദ്ധതികളും വർഷാവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്നാണ് അധികൃതർ ഇപ്പോള്‍ വ്യക്തമാക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി 2022-ല്‍ ഉദ്ഘാടനം ചെയ്‌ത ബിഎൻസിയിലെ ജോലികള്‍ 2025 ഒക്ടോബറോടെ പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍, റെയില്‍വേ ഉദ്യോഗസ്ഥർ നല്‍കുന്ന വിവരമനുസരിച്ച്‌, പദ്ധതിയുടെ 60 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ശേഷിക്കുന്ന ജോലികള്‍ ഈ വർഷാവസാനത്തിനുള്ളില്‍ പൂർത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് അധികൃതർ.പ്രതിദിനം 19,000 യാത്രക്കാർ വരുന്ന സ്‌റ്റേഷനാണ് ബെംഗളൂരു കാന്റോണ്‍മെന്റ് സ്‌റ്റേഷൻ. ഇവിടെ ഏകദേശം 484.58 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. തെക്ക് ഭാഗത്ത് പുതിയ പ്രധാന കെട്ടിടവും മില്ലേഴ്‌സ് റോഡില്‍ രണ്ടാമതൊരു പ്രവേശന കവാടവും ഉള്‍പ്പെടെ വിപുലമായ നവീകരണങ്ങള്‍ ഇവിടെ നടപ്പാക്കുന്നുണ്ട്.

ഈ പനവീകരണ പദ്ധതിയില്‍ യാത്രക്കാർക്ക് എയർ കോണ്‍കോഴ്‌സ്, മൂന്ന് പുതിയ കാല്‍നട മേല്‍പ്പാലങ്ങള്‍, ഒരു പ്രത്യേക കാല്‍നട മേല്‍പ്പാലം എന്നിവ ഉള്‍പ്പെടുന്നു. വടക്കും തെക്കും ഭാഗങ്ങളില്‍ ബേസ്മെന്റ് പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇവിടെ ജോലികള്‍ പകുതിയിലേറെ പൂർത്തിയാക്കി കഴിഞ്ഞു.അതുപോലെ തന്നെ 377.86 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന യശ്വന്ത്പുർ സ്‌റ്റേഷന്റെ നവീകരണത്തിലും പ്രതീക്ഷിച്ചതിലും കാലതാമസം നേരിടുന്നുണ്ട്. 67 ശതമാനം ജോലികള്‍ മാത്രമാണ് ഇതുവരെ പൂർത്തിയായത്. 2025 ജൂലൈയില്‍ ഈ പദ്ധതി പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാലാവധിനീട്ടി നീട്ടുകയായിരുന്നു.യശ്വന്ത്പൂർ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്ത് ലിനൻ സ്‌റ്റോറും റെയില്‍വേ സംരക്ഷണ സേന, സർക്കാർ റെയില്‍വേ പോലീസ് (ജിആർപി) കെട്ടിടങ്ങളും പൂർത്തിയായി. 90 കാറുകള്‍ക്കും 88 ഇരുചക്ര വാഹനങ്ങള്‍ക്കും സൗകര്യമുള്ള ബഹുനില കാർ പാർക്കിംഗ് സൗകര്യത്തിന്റെ നിർമ്മാണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.പാർക്കിംഗ് കേന്ദ്രത്തില്‍ അഞ്ച് കാർ ലിഫ്റ്റുകള്‍, രണ്ട് യാത്രക്കാരുടെ ലിഫ്റ്റുകള്‍, ഒരു ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്‌റ്റേഷൻ, ടിക്കറ്റ് കൗണ്ടറുകള്‍, വാണിജ്യ ഇടം എന്നിവയും ഉണ്ടാവും. പദ്ധതികള്‍ പൂർത്തിയാവുന്നതോടെ ബെംഗളൂരു നഗരത്തിലെ റെയില്‍വേ യാത്രക്കാർക്ക് കാര്യമായ ഗുണമാവും ലഭിക്കുക. എങ്കിലും ഈ രണ്ട് പദ്ധതികളുടെയും കൃത്യമായ സമയപരിധി ഇതുവരെയും അറിയിച്ചിട്ടില്ല എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.

You may also like

error: Content is protected !!
Join Our WhatsApp Group