ബെംഗളൂരു: നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡുകളില്‍ ഒന്ന് സില്‍ക്ക് ബോർഡ് ഭാഗമാണെന്ന കാര്യത്തില്‍ ആർക്കും തർക്കം കാണില്ല.റോഡില്‍ ഏറെ നേരം കാത്ത് നില്‍ക്കാതെ ഇതുവഴി കടന്ന് പോകുക എളുപ്പമേ അല്ല. എന്തായാലും ആ അവസ്ഥയ്ക്കൊരു പരിഹാരമായിരിക്കുകയാണ്. സില്‍ക്ക് ബോർഡില്‍ പുതിയ ഡെബിള്‍ ഡെക്കർ മേല്‍പ്പാലം ഉടൻ പൂർണമായി തുറക്കും. നഗരത്തിലെ തന്നെ ആദ്യത്തെ ഡബിള്‍ ഡെക്കർ മേല്‍പ്പാലമാണിത്. ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) നിർമ്മിച്ച ഇത് നമ്മ മെട്രോയുടെ യെല്ലോ ലൈനിൻ്റെ ഭാഗമാണ്. തിരക്കേറിയ ഹൊസൂർ റോഡിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഈ മേല്‍പ്പാലം വലിയ പരിഹാരം തീർക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ രാഗിഗുഡ്ഡ വരെയുള്ള 3.5 കിലോമീറ്റർ ഭാഗം മാർച്ച് അവസാനത്തോടെ തുറക്കാനാണ് ബിഎംആർസിഎല്‍ തയ്യാറെടുക്കുന്നത്. നിർമ്മാണം പൂർത്തിയായതായും റോഡ് ടാർ ചെയ്യുന്ന ജോലികള്‍ കഴിഞ്ഞുവെന്നും ബിഎംആർസിഎല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഫിനിഷിംഗ് ജോലികള്‍ മാർച്ച് 22-ഓടെ തീരും. ട്രാഫിക് പോലീസിന്റെ അനുമതി ലഭിച്ചാലുടൻ എച്ച്‌എസ്‌ആർ ലേഔട്ടില്‍ നിന്ന് റാഗിഗുഡ്ഡയിലേക്ക് വാഹനങ്ങളെ കടത്തിവിടും.നേരത്തെ, 2024 ജൂണില്‍ റാഗിഗുഡ്ഡയില്‍ നിന്ന് സില്‍ക്ക് ബോർഡിലേക്കുള്ള മേല്‍പ്പാലത്തിന്റെ ഒരു ഭാഗം തുറന്നിരുന്നു. സില്‍ക്ക് ബോർഡ് ജംഗ്ഷന് മുകളിലുള്ള റാമ്പ് ഉള്‍പ്പെടെയായിരുന്നു തുറന്ന് നല്‍കിയത്. ഏകദേശം 5 കിലോമീറ്റർ വരുന്ന ഈ ഭാഗം തുറന്നത് ഹൊസൂർ റോഡിലൂടെ എച്ച്‌എസ്‌ആർ ലേഔട്ട്, ബൊമ്മനഹള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
സില്‍ക്ക് ബോർിലെ തിരക്കില്‍ പെടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ യാത്ര സാധ്യമാക്കുന്നതാണ് റൂട്ട്.എച്ച്‌എസ്‌ആർ ലേഔട്ട് ഭാഗത്ത് നിന്ന് രാഗിഗുഡ്ഡയിലേക്കുള്ള പാതയുടെ ഉദ്ഘാടനത്തിനായി ബിഎംആർസിഎല്‍ പലതവണ തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡിസൈൻ മാറ്റങ്ങള്‍, ഗതാഗത നിയന്ത്രണം, കനത്ത മഴ എന്നിവ കാരണം പദ്ധതി വൈകിപ്പോയി. അതേസമയം മേല്‍പ്പാലം ഭാഗികമായി തുറന്നത് സില്‍ക്ക് ബോർഡ് ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാൻ സഹായിച്ചതായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൂർണമായ ഉദ്ഘാടനം ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് കൂടുതല്‍ ലഘൂകരിക്കും എന്നാണ് പ്രതീക്ഷ.സില്‍ക്ക് ബോർഡ് ജംഗ്ഷനിലെ തിരക്ക് കുറഞ്ഞാലും റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനപ്പുറമുള്ള ഗതാഗതം വെല്ലുവിളിയായി തുടരുമെന്ന വെല്ലുവിളി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മരേനഹള്ളി റോഡ് ഉള്‍പ്പെടെ സമീപ പാതകളില്‍ നിലവില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.പുതിയ സില്‍ക്ക് ബോർഡ്-റാഗിഗുഡ്ഡ പാത തുറക്കുന്നതോടെ ബിടിഎം ലേഔട്ട്, ജയനഗർ, ജെപി നഗർ, ബനശങ്കരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.