ബെംഗളൂരു: നമ്മ മെട്രോയില്‍ സൗജന്യ ടിക്കറ്റ്? ആവേശം കൊണ്ട് എല്ലാവരും ഓടിപ്പോകല്ലേ… എല്ലാവര്‍ക്കും ഈ സൗജന്യ ടിക്കറ്റ് കിട്ടില്ല.ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പോകുന്നവര്‍ക്കാണ് ഈ അസുലഭ അവസരം ലഭിക്കാന്‍ പോകുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പോകുന്നവര്‍ക്ക് സൗജന്യമായി മെട്രോ യാത്ര അനുവദിക്കാനുള്ള പദ്ധതിയെക്കുറിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിഎംആര്‍സിഎല്‍) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) മാനേജ്‌മെന്റും ചര്‍ച്ചകള്‍ നടത്തുകയാണ്.മത്സര ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാനുള്ള പദ്ധതിയെക്കുറിച്ചാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. ഈ പദ്ധതി നടപ്പായാല്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ ആരാധകര്‍ക്ക് മെട്രോ പ്രവേശനത്തിനായി മാച്ച് ടിക്കറ്റ് ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കാം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിന്നസ്വാമി സ്റ്റേഡിയത്തിന് ഏറ്റവും അടുത്തുള്ള സ്റ്റേഷനായ കബ്ബണ്‍ പാര്‍ക്ക് മെട്രോ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയാണ് ആരാധകര്‍ക്ക് സൗജന്യമായി ലഭിക്കുക. കളി കാണാന്‍ എത്തുന്നവര്‍ക്ക് അവരുടെ കൈവശമുള്ള ഡിജിറ്റല്‍ അല്ലെങ്കില്‍ ഫിസിക്കല്‍ ടിക്കറ്റിലെ ക്യുആര്‍ കോഡ് ഉപയോഗിച്ച് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകളിലൂടെ കടന്നുപോകാന്‍ സാധിക്കും.അതായത്, ഐപിഎല്‍ ടിക്കറ്റ് തന്നെ മെട്രോ ടിക്കറ്റായും പ്രവര്‍ത്തിക്കുമെന്നര്‍ത്ഥം. യാത്രക്കാര്‍ക്ക് മെട്രോ ടിക്കറ്റിനായി പ്രത്യേകം പണം നല്‍കേണ്ടതില്ലെന്ന് മാത്രമല്ല, കൗണ്ടറുകളിലെ വലിയ തിരക്ക് ഒഴിവാക്കാനും ഇത് സഹായിക്കും.
ഈ പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.മത്സര ദിവസങ്ങളില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കനത്ത തിരക്കും പാര്‍ക്കിങ് പ്രശ്‌നങ്ങളും കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനുപുറമേ, മത്സര ദിവസങ്ങളില്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം മെട്രോ ട്രെയിനുകളുടെയും ബിഎംടിസി ബസ്സുകളുടെയും സമയം ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്. രാത്രി വൈകി മത്സരം അവസാനിക്കുന്നതിനാല്‍ ആരാധകര്‍ക്ക് വീട്ടിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ മെട്രോ സര്‍വീസുകള്‍ കൂടുതല്‍ സമയം ലഭ്യമാക്കുന്നത് അധികൃതരുടെ ആലോചനയിലുണ്ട്.കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ തന്നെ ഈ സൗകര്യം ലഭ്യമായേക്കും. ബെംഗളൂരു മെട്രോയും ആര്‍സിബി മാനേജ്‌മെന്റും തമ്മിലുള്ള ഈ സഹകരണം നടപ്പായാല്‍ രാജ്യത്തെ മറ്റ് നഗരങ്ങളിലെ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ക്കും ഇതൊരു മികച്ച മാതൃകയായി മാറും.കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ അനുവദിച്ചിരുന്നില്ല. സ്റ്റേഡിയം സുരക്ഷിതമാണെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെങ്കിലും കര്‍ശനമായ നിബന്ധനകളോടെയാണ് മത്സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഐപിഎല്‍ 2026 സീസണിലെ ഉദ്ഘാടന മത്സരം മാര്‍ച്ച് 28-ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍.