Home കർണാടക ബെംഗളൂരുവില്‍ തീവ്ര അള്‍ട്രാവയലറ്റ് വികിരണം; കര്‍ണാടകയില്‍ ചൂട് കഠിനം, ഉഷ്ണതരംഗ ഭീഷണി

ബെംഗളൂരുവില്‍ തീവ്ര അള്‍ട്രാവയലറ്റ് വികിരണം; കര്‍ണാടകയില്‍ ചൂട് കഠിനം, ഉഷ്ണതരംഗ ഭീഷണി

by ടാർസ്യുസ്

ബെംഗളൂരു: വേനല്‍ക്കാലം കടുത്തതോടെ കർണാടകയില്‍ ഉഷ്ണതരംഗ ഭീഷണി. കനത്ത വേനല്‍ കരുത്താർജ്ജിക്കുന്നതിന് മുൻപ് തന്നെ ഐടി നഗരമായ ബെംഗളൂരുവിലും കർണാടകയുടെ പല ഭാഗങ്ങളിലും ഉയർന്ന തോതിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്.ഈ സാഹചര്യത്തില്‍ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സംസ്ഥാനത്തുടനീളം ഉഷ്ണതരംഗ സാധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇഷ്ടനഗരമായി മാറിയ ബെംഗളൂരുവിലെ താപനില 32°C നും 33°C നും ഇടയിലാണ്. ബെംഗളൂരുവിലെ താപനിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ വടക്കൻ – ഉള്‍നാടൻ കർണാടകയുടെ ചില ഭാഗങ്ങളില്‍ താപനില 40°C ലേക്ക് അടുക്കുന്ന അവസ്ഥയാണുള്ളത്. അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ അളവില്‍ കുത്തനെയുള്ള വർധനവാണ് കാലാവസ്ഥാ വിദഗ്ധരെയും ആരോഗ്യ വിദഗ്ധരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത്.ചൊവ്വാഴ്ച ബെംഗളൂരുവില്‍ 32°C എന്ന മിതമായ താപനില രേഖപ്പെടുത്തി. എന്നാല്‍ ഉച്ചകഴിഞ്ഞുള്ള അള്‍ട്രാവയലറ്റ് സൂചിക 13 ആയി ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 38.2°C രേഖപ്പെടുത്തിയ കലബുറഗിയില്‍ 10 എന്ന താഴ്ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.

വേനല്‍ക്കാലത്തിന്റെ തുടക്കത്തിലെ 34°C യില്‍ താഴെ താപനില തുടർന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ 10 മുതല്‍ 13 വരെ അള്‍ട്രാവയലറ്റ് ലെവലില്‍ വർധനയുണ്ടായി.ഉയർന്ന നിലയിലുള്ള താപനില ആശങ്കാജനകമാണെന്ന് ബെംഗളൂരു ഐഎംഡി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അള്‍ട്രാവയലറ്റ് സൂചിക എട്ടിന് മുകളിലുള്ള അവസ്ഥ ദോഷകരമായി കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഉയർന്ന താപനില സൂര്യതാപം, അകാല ചർമ വാർധക്യം, കണ്ണിന് കേടുപാടുകള്‍, ചർമ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയെ ഗണ്യമായി വർധിപ്പിക്കുമെന്ന് ഐഎംഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ഉയർന്ന ചൂടും തീവ്രമായ അള്‍ട്രാവയലറ്റ് സാന്നിധ്യവും നിർജ്ജലീകരണം, ചൂട് ക്ഷീണം, ഹീറ്റ് സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകും. റോഡുകളില്‍ ജോലി ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, തെരുവ് കച്ചവടക്കാർ, നിർമാണ തൊഴിലാളികള്‍ തുടങ്ങിയ പുറം ജോലിക്കാരുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.

ചൂട് മൂലമുണ്ടാകുന്ന രോഗങ്ങള്‍, ചർമ അലർജികള്‍, കണ്ണിലെ അസ്വസ്ഥതകള്‍ എന്നിവ വർധിക്കുന്നതിനാല്‍ യുവി ലെവല്‍ ഉയരുന്നത് പൊതുജനാരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. കൈകള്‍ മുഴുവനായി കവർ ചെയ്യാനാകുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍, വീതിയേറിയ തൊപ്പികള്‍, യുവി – പ്രൊട്ടക്റ്റീവ് സണ്‍ഗ്ലാസുകള്‍, ണ്‍സ്ക്രീൻ എന്നിവ ഉപയോഗിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാൻ സഹായിക്കും. കനത്ത ചൂട് തുടരുന്നതിനാല്‍ തൊഴിലുടമകള്‍ ജോലി സമയത്തില്‍ മാറ്റം വരുത്തുന്നത് ഉചിതമാകും. ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ഉച്ചസമയത്ത് ഇടവേള നല്‍കി രാവിലെയും വൈകീട്ടുമായി ജോലി സമയം ക്രമീകരിക്കുകയാണ് ഉചിതം.

You may also like

error: Content is protected !!
Join Our WhatsApp Group