ബെംഗളുരുവിലെ ദേവനഹള്ളിയിലുള്ള സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ഉടമ അറസ്റ്റില്‍.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കുട്ടി പരാതി ഉയര്‍ത്തിയിട്ടും നടപടി സ്വീകരിക്കാത്ത പ്രതിയുടെ ഭാര്യയെയും സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അറുന്നുറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളാണ് ഉള്ളത്. ഇവിടെ 150ഓളം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നുണ്ട്.14 വയസുകാരിയായ വിദ്യാര്‍ത്ഥിയും മാതാപിതാക്കളും ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉടന്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. എട്ടു ദിവസത്തോളമാണ് പ്രതി വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചത്.
സംഭവം ഇയാളുടെ ഭാര്യയെയും പ്രിന്‍സിപ്പാളിനെയും അറിയിച്ചപ്പോള്‍ ഇന്നത്തെ കാലത്ത് ഇതെല്ലാം സാധാരണയാണ് എന്ന മറുപടിയാണ് ലഭിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഒരു രാത്രിയില്‍ വാര്‍ഡന്റെ ഓഫീസിലേക്ക് തന്നെ വിളിപ്പിക്കുകയാണ് ഉണ്ടായത്. അന്ന് മദ്യപിച്ചെത്തിയ സ്‌കൂള്‍ ഉടമ തന്റെ മുറിയിലേക്ക് വിളിച്ച് പീഡിപ്പിച്ചു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കളെ വിവരമറിയിച്ചതെന്നും കുട്ടി പരാതിയില്‍ പറയുന്നു.സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളോടും സമാന അനുഭവമുണ്ടായോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.