Home തിരഞ്ഞെടുത്ത വാർത്തകൾ 22000 രൂപക്ക് രണ്ട് ഫോണുകള്‍ വാങ്ങി, ക്യൂആര്‍ കോഡ് സ്കാൻ ചെയ്ത് രസീതും കാണിച്ചു, പക്ഷേ…;തട്ടിപ്പില്‍ യുവാവ് അറസ്റ്റില്‍

22000 രൂപക്ക് രണ്ട് ഫോണുകള്‍ വാങ്ങി, ക്യൂആര്‍ കോഡ് സ്കാൻ ചെയ്ത് രസീതും കാണിച്ചു, പക്ഷേ…;തട്ടിപ്പില്‍ യുവാവ് അറസ്റ്റില്‍

by ടാർസ്യുസ്

കൊച്ചി: ഗൂഗിള്‍ പേ വഴി കടയുടമയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി വിശ്വസിപ്പിച്ച്‌ മൊബൈല്‍ ഷോപ്പില്‍ നിന്ന് ഫോണുകള്‍ കൈക്കലാക്കിയ കേസില്‍ മാള സ്വദേശി അനന്ത കൃഷ്ണൻ (23) അറസ്റ്റില്‍.പറവൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ചേന്ദമംഗലം കവലയിലുള്ള ‘ലെറ്റ്സ് കണക്‌ട്’ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഈ മാസം 10-ന് കടയിലെത്തിയ അനന്തകൃഷ്ണൻ 22,000 രൂപയ്ക്ക് രണ്ട് സെക്കൻഡ് ഹാൻഡ് ഫോണുകള്‍ വാങ്ങി. പണം നല്‍കുന്നതിനായി കടയിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന രസീത് ജീവനക്കാരന് കാണിച്ചു. അത് വിശ്വസിച്ച്‌ ജീവനക്കാരൻ ഫോണുകള്‍ കൈമാറി.പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം എത്തിയിട്ടില്ലെന്ന് കണ്ടെത്തി. കാണിച്ച രസീത് വ്യാജമാണെന്ന് മനസ്സിലായി. പ്രതി നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ വയനാട്ടിലെ ഒരാളാണ് ഫോണ്‍ എടുത്തത്.പറവൂർ മേഖലയിലെ ചില വ്യാപാരികള്‍ സമാന രീതിയില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ തട്ടിപ്പുകളില്‍ അനന്തകൃഷ്ണന് കൂടുതല്‍ പങ്കുണ്ടോ, ഇയാള്‍ക്ക് കൂട്ടാളികളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നു.ഓണ്‍ലൈൻ ഇടപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഉപഭോക്താവിന്റെ ഫോണിലെ സന്ദേശം മാത്രം ആശ്രയിക്കരുതെന്നും, സ്വന്തം ബാങ്ക് അക്കൗണ്ടിലോ ബിസിനസ് ആപ്പിലോ പണം എത്തിയതായി ഉറപ്പുവരുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അനന്ത കൃഷ്ണനെ റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group