ഒരു കേസുമായി കോടതിയില്‍ പോയാല്‍ ജീവിതകാലം മുഴുവന്‍ പിന്നെ അതിന്‍റെ പുറകേ നടക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് ഇന്ത്യയിലെ കോടതി സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നത്.ജഡ്ജിമാരുടെ കുറവാണ് ഇതിനോരു പ്രധാന കാരണമായി പലപ്പോഴും ചൂണ്ടിക്കാട്ടാറുള്ളത്. എന്നാല്‍, ജബല്‍പൂരില്‍ നിന്നുള്ള 19 വയസ്സുള്ള ഒരു നീറ്റ് ഉദ്യോഗാർത്ഥി സുപ്രീം കോടതിയില്‍ സ്വന്തം കേസ് വാദിച്ചു. വെറും 10 മിനിറ്റ് മാത്രം! കോടതി അദ്ദേഹത്തിന് താല്‍ക്കാലിക എംബിബിഎസ് സീറ്റ് അനുവദിച്ചു. 2024-25 -ല്‍ 720 ല്‍ 530 മാർക്കോടെ നീറ്റ് പരീക്ഷ പാസായ മധ്യപ്രദേശില്‍ നിന്നുള്ള അഥർവ ചതുർവേദിയായിരുന്നു ആ പരാതിക്കാരനായ 19 -കാരൻ.എക്സ് കുറിപ്പ്കുങ്ഫു പാണ്ഡെ എന്ന എക്സ് ഉപയോക്താവാണ് കേസിന്‍റെ വിശദാംശങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. “അഥർവ രണ്ടുതവണ നീറ്റ് പാസായി. 530 മാർക്ക് നേടി. അദ്ദേഹം കഠിനാധ്വാനം ചെയ്തു, ശ്രദ്ധ കേന്ദ്രീകരിച്ചു, ഒരിക്കലും തളർന്നില്ല. എന്നിട്ടും, നയപരമായ വിടവുകള്‍ കാരണം, ഇഡബ്ല്യുഎസ് ക്വാട്ടയില്‍ അദ്ദേഹത്തിന് എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ടു. പലർക്കും ഇത് അവസാനമാകുമായിരുന്നു. നിരാശ. നിശബ്ദത. സ്വീകാര്യത. എന്നാല്‍, അഥർവ ധൈര്യം തെരഞ്ഞെടുത്തു. നിയമപരമായ യാതൊരു പശ്ചാത്തലവുമില്ലാതെ, അദ്ദേഹം സ്വന്തമായി പഠിക്കാൻ തുടങ്ങി.”കോടതി ഉത്തരവ് പാലിക്കാത്തെ സർക്കാർസ്വകാര്യ, ന്യൂനപക്ഷേതര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം നിർബന്ധമാണ്. എന്നാല്‍. ഒരു വർഷത്തിനുള്ളില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കാനുള്ള കോടതി നിർദ്ദേശം സംസ്ഥാന സർക്കാർ പാലിച്ചില്ല. ഇതുമൂലമായിരുന്നു അഥർവയ്ക്ക് എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ടത്. 2025-26 ലെ നീറ്റ് പരീക്ഷയില്‍ 164 എന്ന ഇഡബ്ല്യുഎസ് റാങ്ക് നേടിയിട്ടും, അഥർവയ്ക്ക് പ്രവേശനം ലഭിച്ചില്ല, അഥർവ തന്‍റെ ആവശ്യം ഉന്നയിച്ച് ആദ്യം മധ്യപ്രദേശ് ഹൈക്കോടതിയിലെത്തി. അവിടെ നിന്നും പരാതി തള്ളിയതോടെ അദ്ദേഹം സുപ്രീം കോടതിലെത്തി.സീറ്റ് അനുവദിച്ച് സുപ്രീം കോടതിഒരു ഓണ്‍ലൈൻ ഹർജിയിലൂടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 10 ന്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ തന്‍റെ കേസ് അവതരിപ്പിക്കാൻ അഥർവ 10 മിനിറ്റ് സമയത്തിന് അപേക്ഷിച്ചു. മുതിർന്ന അഭിഭാഷകർ ചുറ്റുമിരിക്കുമ്പോള്‍ അഥർവ സ്വന്തം കേസ് സ്വയം വാദിച്ചു. 103-ാം ഭരണഘടനാ ഭേദഗതിയും ആർട്ടിക്കിള്‍ 15(6), 16(6) എന്നിവയും ഉദ്ധരിച്ച് അഥർവ തന്‍റെ കേസ് സ്വന്തമായി വാദിച്ചു. പിന്നാലെ അത് അനുവദിക്കപ്പെട്ടു. അഥർവയുടെ വാദം കേട്ട സുപ്രീം കോടതി, മുൻ കോടതി നിർദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതാണ് അഥർവയ്ക്ക് പ്രവേശനം നിഷേധിക്കാൻ കാരണമായതെന്ന് വിധിച്ചു. പിന്നാലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്സിന് അഥർവയ്ക്ക് പ്രവേശനം ഉറപ്പാക്കാൻ ദേശീയ മെഡിക്കല്‍ കമ്മീഷനും മധ്യപ്രദേശ് സർക്കാരിനോടും കോടതി നിർദ്ദേശം നല്‍കി.