ബാംഗ്ലൂർ :പൊതുഗതാഗത സംവിധാനത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പ്രധാനം നല്‍കുന്ന ഒന്നാണ് മെട്രോ ട്രെയിനുകള്‍.പൊതുവേ മെട്രോ ട്രെയിനുകളുമായി ബന്ധപ്പെട്ട അപകടങ്ങളും കുറവാണ്. എന്നാല്‍ ബെംഗളൂരു നമ്മ മെട്രോയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ യാത്രക്കാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന വേളയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ യെല്ലോ ലൈനില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന ഡ്രൈവറില്ലാ ട്രെയിന്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജനുവരി 15-ന് പുലര്‍ച്ചെ 5:30-ന് ഇലക്‌ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലാണ് സംഭവം നടന്നത്. പരീക്ഷണ ഓട്ടത്തിനായി എത്തിച്ച മൂന്നാമെത്ത ട്രെയിന്‍ സെറ്റാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്.അപകടം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജനുവരി 16-ന് തന്നെ ആറംഗ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. തുടക്കത്തില്‍ ഈ സംഭവത്തെ അധികൃതര്‍ നിസാരമായാണ് കണ്ടതെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍ ഡ്രൈവറില്ലാതെ ഓടുന്ന ട്രെയിന്‍ ആയതിനാല്‍ സുരക്ഷാ കാര്യങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടക്കുന്നത്. ഈ വിഷയത്തില്‍ ബിഎംആര്‍സിഎല്‍ മാനേജിങ് ഡയറക്ടര്‍ ജെ രവിശങ്കര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രാക്കിനും ട്രെയിനിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ നാശനഷ്ടങ്ങളുടെ പൂര്‍ണവ്യാപ്തിയും അനുബന്ധ ചെലവുകളും അറിയാന്‍ കഴിയൂ.ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈന്‍ മെട്രോയുടെ ഉദ്ഘാടനം സാങ്കേതിക അനുമതികള്‍ വൈകുന്നത് കാരണം നീണ്ടുപോവുകയാണ്. ഇതിനിടയിലുണ്ടായ ഈ പാളം തെറ്റല്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. സിഗ്‌നലിങ് സംവിധാനങ്ങളിലെ പോരായ്മയാണോ അതോ പാളത്തിലെ തകരാറാണോ അപകടകാരണമെന്ന് റിപ്പോര്‍ട്ട് വന്നാലേ വ്യക്തമാകൂ. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാല്‍ സംഭവത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന് ബിഎംആര്‍സിഎല്‍ ജീവനക്കാര്‍ക്കിടയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.2016 ഒക്ടോബറിലും 2019 മാര്‍ച്ചിലും ബയപ്പനഹള്ളി ഡിപ്പോയില്‍ (പര്‍പ്പിള്‍ ലൈന്‍) സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനാല്‍ ബെംഗളൂരു മെട്രോയില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ അപകടമാണ്.