Home കർണാടക ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസ്; മൂന്നു പ്രതികള്‍ക്ക് വധശിക്ഷ

ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസ്; മൂന്നു പ്രതികള്‍ക്ക് വധശിക്ഷ

by ടാർസ്യുസ്

ബെംഗളൂരു: ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസിൽ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കർണാടകയിലെ കൊപ്പല്‍ ജില്ലാ കോടതിയാണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.22 കാരനായ മല്ലേഷ് (മല്ലയ്യ), 21 കാരനായ സായ് (സായികുമാർ), 27 കാരനായ ശരണപ്പ എന്നിവർക്കാണ് കോടതി തൂക്കുകയർ വിധിച്ചത്.കഴിഞ്ഞ ഫെബ്രുവരി 6-ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതികളുടെ സാമൂഹിക പശ്ചാത്തലം, ജയിലിലെ പെരുമാറ്റം, മാനസിക നില എന്നിവ സംബന്ധിച്ച റിപ്പോർട്ടുകള്‍ പരിശോധിച്ച ശേഷമാണ് ജഡ്ജി വധശിക്ഷ വിധിച്ചത്. കേസില്‍ വിചാരണ നടപടികള്‍ അതിവേഗം പൂർത്തിയാക്കിയാണ് വിധി പറഞ്ഞത്.കഴിഞ്ഞ വർഷം മാർച്ചില്‍ ഹംപിയിലെ സനാപൂർ മേഖലയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. തുംഗഭദ്ര നദീതീരത്ത് വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തെ ആക്രമിച്ച പ്രതികള്‍, ഒഡീഷ സ്വദേശിയായ ബിഭാസ് കുമാർ നായക് എന്ന യുവാവിനെ കൊലപ്പെടുത്തുകയും ഇസ്രായേല്‍ സ്വദേശിയായ യുവതിയെയും ഇന്ത്യക്കാരിയായ ഹോംസ്റ്റേ ഉടമയെയും ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.ഇവരുടെ കൂടെയുണ്ടായിരുന്ന അമേരിക്കൻ സ്വദേശിയടക്കമുള്ള മറ്റ് വിനോദസഞ്ചാരികളെ മർദ്ദിക്കുകയും അവരുടെ സാധനങ്ങള്‍ കവർച്ച നടത്തുകയും ചെയ്തിരുന്നു. കുറ്റകൃത്യം അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് നിരീക്ഷിച്ച കോടതി, കേസിനെ അപൂർവ്വങ്ങളില്‍ അപൂർവ്വം എന്ന് വിശേഷിപ്പിച്ചാണ് ശിക്ഷ വിധിച്ചത്.കൊലപാതകം, കൂട്ടബലാത്സംഗം, വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍, കവർച്ച തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഹംപി പോലുള്ള പൈതൃക ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉണ്ടായ സംഭവം വിദേശ വിനോദസഞ്ചാരികള്‍ക്കിടയില്‍ വലിയ ഭീതിയുണ്ടാക്കിയിരുന്നു. കേസില്‍ അതിവേഗ വിചാരണ ഉറപ്പാക്കാൻ കർണാടക സർക്കാർ പ്രത്യേക താല്‍പ്പര്യമെടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group