മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന മിമിക്രി-ടെലിവിഷന്‍ കലാകാരന്‍ ഉല്ലാസ് പന്തളം ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്.കരിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോഴാണ് മസ്തിഷ്‌കാഘാതം അദ്ദേഹത്തിന്റെ ശരീരത്തെ തളര്‍ത്തിയത്. ശരീരത്തിന്റെ ഇടതുഭാഗത്തിനാണ് തളര്‍ച്ച സംഭവിച്ചത്. ഏറെ വൈകിയാണ് ഉല്ലാസ് പന്തളത്തിന്റെ രോഗാവസ്ഥ എന്താണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. സ്‌ക്രീനില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കലാകാരന്റെ രോഗാവസ്ഥ പ്രേക്ഷകരെ ഏറെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നല്ല സുഹൃത്തുക്കളുടെയും മികച്ച ചികിത്സയുടെയും ഫലമായി അദ്ദേഹം തിരിച്ചു വരവിന്റെ പാതയിലാണ്.അടുത്തിടെയായി പൊതുവേദികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. വാക്കിങ് സ്റ്റിക് ഉപയോഗിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. ടെലിവിഷന്‍-സ്റ്റേജ് പരിപാടികളുമായി തിരക്കില്‍ ജീവിക്കുമ്പോഴാണ് രോഗാവസ്ഥ പിടികൂടിയത്. രോഗകാലത്താണ് പലരുടെയും യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ, രോഗകാലത്തെ അതിജീവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഉല്ലാസ് പന്തളം. മനോരമ ന്യൂസ് നടത്തിയ ഒരു പരിപാടിയിലാണ് ഉല്ലാസ് പന്തളം രോഗകാലത്തെ നേരിട്ടതിനെക്കുറിച്ച് പങ്കുവെച്ചത്. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പരിപാടി നടന്നത്.ഉല്ലാസ് പന്തളത്തിന്റെ വാക്കുകള്‍: ഒന്നര മാസം ബിലീവേഴ്‌സ് ആശുപത്രിയില്‍ അഡ്മിറ്റായി ട്രീറ്റ്‌മെന്റില്‍ ആയിരുന്നു. അതിനു കാരണക്കാരന്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ രമേഷ് പിഷാരടിയാണ്. ബിലീവേഴ്‌സ് ആശുപത്രിയിലെ സിജോ അച്ഛനും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ഒന്നര മാസത്തെ ഫ്രീ ട്രീറ്റ്‌മെന്റ് ഇവിടെ ഒരുക്കി തന്നത്. കലാരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഈ അനുഭവം ഉണ്ടാകുന്നത്. അങ്ങനെ ആദ്യം അമൃതയില്‍ ട്രീറ്റ്‌മെന്റിനായി പോയി. അമൃത ചാനലില്‍ ജോലി ചെയ്യുന്നതു കൊണ്ടാണ് അവിടേക്ക് പോയത്. ആ സമയത്ത് പിഷാരടി എന്റെ സുഹൃത്തിനെ വിളിച്ചുപറഞ്ഞു. അവന് അമൃതയില്‍ ട്രീറ്റ്‌മെന്റിനുള്ള എല്ലാ സൗകര്യവും ഞാന്‍ സെറ്റ് ചെയ്തു വച്ചിരിക്കുകയാണ്. വന്നവിടെ അഡ്മിറ്റ് ആകാന്‍ പറഞ്ഞു.അതിനിടെ, ബിലിവേഴ്‌സ് ആശുപത്രി അധികൃതരുമായും സംസാരിച്ചിരുന്നു. എനിക്ക് വരാന്‍ എളുപ്പം ഈ ആശുപത്രിയാണ്. എനിക്ക് കൂടുതല്‍ സൗകര്യം ഇതാണെന്ന് പിഷാരടിയെ അറിയിച്ചു. അപ്പോള്‍ സിനിമ ഡയലോഗ് പോലെ പിഷാരടി പറഞ്ഞത് എനിക്ക് അമൃതയില്‍ മാത്രമല്ല ഇവിടെയും പിടിയുണ്ടെന്നാണ്. അദ്ദേഹം ഇവിടുത്തെ ചാരിറ്റിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. അങ്ങനെയാണ് എനിക്കിവിടെ സൗജന്യമായി ഒന്നരമാസം ട്രീറ്റ്‌മെന്റ് ലഭിക്കുന്നത്.ഉല്ലാസ് പന്തളം പൂര്‍വാധികം ശക്തിയോടെ അടുത്ത സീസണില്‍ തിരിച്ചുവരുമെന്ന് രമേഷ് പിഷാരടി പറഞ്ഞു. അസുഖം ബാധിച്ച സമയത്ത് പന്തളം വഴി പോകുമ്പോള്‍ ഉല്ലാസിനെ വീട്ടില്‍ കയറി കാണാം എന്നോര്‍ത്ത് മൂന്നു നാല് തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. വീട് അറിയാത്തതുകൊണ്ടാണ് ഫോണ്‍ വിളിച്ചത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഉല്ലാസ് തിരിച്ചുവിളിച്ച്, ഫോണ്‍ അരികിലിരുന്ന് അടിക്കുന്നുണ്ടെങ്കിലും ശരീരം അനക്കി ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നും കുറെ കഴിഞ്ഞ് ഒരാളെ കൊണ്ട് ഫോണ്‍ എടുപ്പിച്ചാണ് തിരിച്ചു വിളിച്ചതെന്ന് പറഞ്ഞു. എല്ലാവരും ചേരുമ്പോഴുള്ള സ്‌നേഹവും സഹായവും കൊണ്ട് ഉല്ലാസ് തിരിച്ചുവരുമെന്നും രമേഷ് പിഷാരടി പറഞ്ഞു.