കാസറഗോഡ്: സോഷ്യൽ മീഡിയഇൻഫ്ലുവൻസർ ‘ചിന്നു പാപ്പു’ എന്ന കെ. രേഷ്മയുടെ മരണം തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാസറഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ ഉച്ചയോടെയാണ് വാടക ക്വാർട്ടേഴ്സിൽ രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.ഒരു മാസം മുൻപ് വിവാഹമോചിതയായ രേഷ്മയ്ക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്.മരണത്തിന് പിന്നിൽ ആൺസുഹൃത്തുമായുള്ള അസ്വാരസ്യങ്ങളാണെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.ഇതേത്തുടർന്ന് ആരോപണവിധേയനായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.ശാസ്ത്രീയ പരിശോധനകൾക്കായി രേഷ്മയുടെയും യുവാവിൻ്റെയും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ളയാളാണ് ചിന്നു പാപ്പു. തനത് കാസറഗോഡ് ഭാഷയിൽ സോഷ്യൽ മീഡിയയിൽ കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പ്പാപ്പുവിൻറെ നിരവധി വീഡിയോകൾ വൈറലായി മാറിയിരുന്നു. പ്രദേശിക വിഭവങ്ങളെയും, നാടൻ ഭക്ഷണത്തെയുമെല്ലാം തനിമ ചോരാതെ, പരിചയപ്പെടുത്തുന്ന ചിന്നു പാപ്പുവിൻറെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴ്ച്ചക്കാരായുള്ളത്.