Home കർണാടക സ്ലീപ്പര്‍ ബസുകള്‍ക്ക് തീപിടിക്കുന്നത് പതിവാകുന്നു; ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

സ്ലീപ്പര്‍ ബസുകള്‍ക്ക് തീപിടിക്കുന്നത് പതിവാകുന്നു; ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

by ടാർസ്യുസ്

ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസുകളില്‍ തീപിടുത്തം പതിവായ സാഹചര്യത്തില്‍ ബസ് ഓപ്പറേറ്റർമാർക്കും ബോഡി ബില്‍ഡർമാർക്കും കർശന നിർദേശങ്ങളുമായി കർണാടക സർക്കാർ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസ് ഓപ്പറേറ്റർമാരും ബോഡി ബില്‍ഡർമാരും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിർദേശിച്ചു. ഫെബ്രുവരി അവസാനം വരെ സുരക്ഷാ നടപടികള്‍ സ്വീകരിക്കാൻ സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് സർക്കാർ സമയം നല്‍കി. തീപിടിത്തം ഉണ്ടാകുമ്പോള്‍ മുൻവശത്തെ വാതിലിലൂടെയുള്ള യാത്രക്കാരുടെ ഒഴിപ്പിക്കല്‍ തടസ്സപ്പെടുത്തുന്ന ഡ്രൈവറുടെ ക്യാബിന് പിന്നിലെ പാർട്ടീഷൻ ഡോറുകള്‍ നീക്കം ചെയ്യാൻ ഗതാഗത വകുപ്പ് നിർദേശിച്ചു. എസി സ്ലീപ്പർ ബസുകളില്‍ സ്ലൈഡറുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ അധിക സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിക്കുന്ന മാനുവല്‍ സ്ലൈഡറുകള്‍ പല സ്വകാര്യ ബസുകളിലും കർട്ടനുകള്‍ക്ക് പകരം സ്ഥാപിച്ചിരുന്നു. എല്ലാ സ്ലീപ്പർ ബസുകളിലും തീ അണയ്ക്കുന്നതിനുള്ള സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. അനധികൃതമായി ഷാസി നീട്ടുന്നതടക്കം നിയമങ്ങള്‍ ലംഘിച്ച്‌ നിർമിച്ച ബസ് ബോഡികള്‍ നിരോധിച്ചു. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാൻ ഫെബ്രുവരി 28 വരെ ഓപ്പറേറ്റർമാർക്ക് സമയം നല്‍കിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാമലിംഗ റെഡ്ഡി മുന്നറിയിപ്പ് നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശങ്ങള്‍ക്കനുസരിച്ചാണ് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത് മന്ത്രി രാമലിംഗ റെഡ്ഡി ചൂണ്ടിക്കാട്ടി. സെൻട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ടിന്റെ സുരക്ഷാ പഠന റിപ്പോർട്ട് കർശനമായി നടപ്പിലാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകള്‍ക്കും അവർ നിർദേശം നല്‍കിയിരുന്നു. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ലീപ്പർ ബസുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് സ്വകാര്യ സ്ലീപ്പർ ബസുകളില്‍ തീപിടിത്തം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംഭവങ്ങളെ തുടർന്ന് ഗതാഗത വകുപ്പ് ഉന്നതതല യോഗം ചേർന്ന് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ രൂപീകരിക്കുകയായിരുന്നു.വെള്ളിയാഴ്ച പുലർച്ചെ 30 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സെമി സ്ലീപ്പർ ബസ് അഗ്നിക്കിരയായതാണ് അവസാന സംഭവം. ദേശീയപാത 48ല്‍ ബെംഗളൂരു – തുംകൂരു സ്ട്രെച്ചിലായിരുന്നു അപകടം. ട്രക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകുകയും ബസ് വൈദ്യുത പോസ്റ്റിലിടിച്ച്‌ മുന്നോട്ടുപോകുകയായിരുന്നു. പോസ്റ്റുമായി ബസ് മുന്നോട്ടുപോകുന്നതിനിടെ വൈദ്യുത ലൈനില്‍നിന്ന് ഉണ്ടായ തീപ്പൊരിയാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ബസ് ബെംഗളൂരുവില്‍നിന്ന് എടുത്തപ്പോള്‍ വൈകിയെന്നും ഇതേതുടർന്ന് വളരെ വേഗതയിലാണ് ഡ്രൈവർ ഓടിച്ചിരുന്നതെന്നും യാത്രക്കാർ പരാതിപ്പെട്ടു. മുഴുവൻ യാത്രക്കാരും തലനാരിഴയ്ക്കാണ് ബസില്‍നിന്ന് രക്ഷപ്പെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group