കേരളം : കഴിഞ്ഞ 11 വർഷത്തിനിടയിൽ രാജ്യത്തെ കോച്ച് ഫാക്ടറികളിൽ നിർമിച്ചത് 42,600 എൽ.എച്ച്.ബി. കോച്ചുകൾ. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും കേരളത്തിനകത്തും സർവീസ് നടത്തുന്ന ഭൂരിഭാഗം തീവണ്ടികളിലും ഇപ്പോഴുമുള്ളത് പഴഞ്ചൻ കോച്ചുകൾ.കേരളത്തിലേക്കുള്ള ചെ-ന്നൈ – മംഗളൂരു മെയിൽ (12601/12602), ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22637/22638), ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് (22639/22640), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (12695/12696) തീവണ്ടികൾ ഫെബ്രുവരി ഒന്നോടെ എൽ.എച്ച്. ബി. കോച്ചുകളാക്കുമെന്ന് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.എന്നാലിത് നടപ്പായിട്ടില്ല. പഴയ കോച്ചുകൾ നിശ്ചിത തീയതിയിൽ മാറ്റുമെന്ന് റെയിൽവേ അറിയിച്ചാൽ അത് നടപ്പാക്കാറുണ്ട്. എന്നാൽ, കേരളത്തിലേക്കുള്ള തീവണ്ടികളുടെ കാര്യത്തിൽ ഈ കൃത്യത പാലിക്കുന്നില്ല.റെയിൽ വേയിലെ വർക്ക് ഷോപ്പുകളിൽ നിന്ന് 2004-നും 2014-നുമിടയിൽ 2300 എൽ.എച്ച്.ബി. കോച്ചുകളാണ് പുറത്തിക്കിയത്. അതിന്റെ 18 ഇരട്ടിയോളമാണ് 2014-നും2025-നുമിടയിൽ പുറത്തിറക്കിയത്. എന്നാൽ, പുതുകോച്ചുകൾക്കായി കേരളം ഇനിയും കാത്തിരിക്കണമെന്നാണ് റെയിൽവേ നൽകുന്ന സൂചന. നിർമിച്ച് 25 വർഷം പിന്നിടുന്നതിന് മുൻപ് തീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റിയിരിക്കണമെന്നാണ് വ്യവസ്ഥ. കേരളത്തിലേക്കുള്ള തീവണ്ടികളിലെ കോച്ചുകൾ 23-24 വർഷം പഴക്കമുള്ളവയാണ്.