ബെംഗളൂരു: രാജ്യത്ത് തന്നെ ഏറ്റവും അധികം പേർ യാത്രക്കായി ആശ്രയിക്കുന്ന മെട്രോ സംവിധാനമാണ് ബെംഗളൂരു നഗരത്തിലേത്.എങ്കിലും പല കാരണങ്ങള്‍ കൊണ്ട് ഇത് മറ്റ് മെട്രോകളില്‍ നിന്ന് വ്യത്യസ്‌തമാണ്. ടിക്കറ്റ് നിരക്കിലും രാജ്യത്തെ തന്നെ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്നത് ബെംഗളൂരു മെട്രോയാണ്. ഇത്രയൊക്കെ ആണെങ്കിലും പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലും അവർ വളരേറെ മുൻപന്തിയിലാണ് എന്ന് സമ്മതിക്കാതെ തരമില്ല.ഇപ്പോഴിതാ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള അവസാനഘട്ട യാത്രാമാർഗമായി സൈക്കിള്‍ പ്രോത്സാഹിപ്പിക്കുന്നതിന്, ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ഒൻപത് സ്‌റ്റേഷനുകളില്‍ സൗജന്യ സൈക്കിള്‍ പാർക്കിംഗ് നല്‍കാൻ തീരുമാനിച്ചിരിക്കുകയാണ്. പർപ്പിള്‍ ലൈനില്‍ രണ്ടെണ്ണവും, ഗ്രീൻ ലൈനില്‍ മൂന്നെണ്ണവും, പുതുതായി പ്രവർത്തനമാരംഭിച്ച യെല്ലോ ലൈനില്‍ നാലെണ്ണവും ഉള്‍പ്പെടെയായിരിക്കും ഈ സ്‌റ്റേഷനുകള്‍.പാർക്കിംഗ് സൗകര്യങ്ങള്‍ പ്രവർത്തിപ്പിക്കുന്നതിനുള്ള ബിഎംആർസിഎല്‍ അടുത്തിടെ പുറത്തിറക്കിയ ടെൻഡറിലൂടെയാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. വരുന്ന ഫെബ്രുവരി 9 വരെ ബിഡ്ഡുകള്‍ സമർപ്പിക്കാം. അതിനുശേഷം ഓപ്പറേറ്ററെ തിരഞ്ഞെടുക്കും. നിലവില്‍, മെട്രോ സ്‌റ്റേഷനുകളില്‍ സൈക്കിള്‍ പാർക്ക് ചെയ്യുന്നതിന് ഒരു മണിക്കൂറിന് ഒരു രൂപയും ഒരു ദിവസത്തേക്ക് പരമാവധി 10 രൂപയുമാണ് ആണ് ഈടാക്കുന്നത്.
‘സൈക്കിള്‍ യാത്രക്കാർ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്‌റ്റേഷനുകളായി ഇവയെ കണക്‌റ്റിവിറ്റി ടീം തിരിച്ചറിഞ്ഞതിനാലാണ് സൗജന്യ പാർക്കിംഗിനായി തിരഞ്ഞെടുത്തത്’ ഒരു ബിഎംആർസിഎല്‍ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘നിലവില്‍ ഈ ഒൻപത് സ്‌റ്റേഷനുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ബാധകം, മറ്റ് എല്ലാ സ്‌റ്റേഷനുകളിലും പാർക്കിംഗ് ചാർജുകള്‍ തുടരും’ എന്നാണ് മെട്രോ ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്.ഈ നീക്കം യാത്രക്കാർക്ക് നല്ല സന്ദേശം നല്‍കുമെന്നാണ് ബിഎംആർസിഎല്‍ കരുതുന്നത്. എങ്കിലും മെട്രോ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഒരുപോലെ പ്രധാനമാണെന്ന് സൈക്കിള്‍ ഉപയോക്താക്കള്‍ പറയുന്നു. സൈക്കിള്‍ യാത്രക്കാർക്കായി കൂടുതല്‍ സൗകര്യങ്ങള്‍ മെട്രോ സ്‌റ്റേഷനുകളില്‍ ഏർപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. ചില സ്‌റ്റേഷനുകളിലൊഴികെ സൈക്കിളുകള്‍ക്ക് പ്രത്യേകമായി പാർക്കിംഗ് സ്ഥലമില്ല, പലയിടത്തും സൈക്കിള്‍ യാത്രക്കാരെ ഒഴിവാക്കുകയാണ് പതിവ്. എല്ലാ സ്‌റ്റേഷനുകളിലും ശരിയായ പാർക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് അവസാനഘട്ട യാത്രകള്‍ക്ക് സൈക്കിള്‍ പ്രോത്സാഹിപ്പിക്കാനുള്ള യഥാർത്ഥ വഴിയെന്നാണ് യാത്രക്കാർ പറയുന്നത്.കൂടാതെ സൈക്കിളുകള്‍ക്ക് ആങ്കറിംഗ് പോയിന്റുകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സൈക്കിളുകള്‍ സുരക്ഷിതമാണെങ്കില്‍ മിക്ക സൈക്കിള്‍ യാത്രക്കാർക്കും പണം നല്‍കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് അവരുടെ പക്ഷം. പല സ്‌റ്റേഷനുകളിലും സൈക്കിള്‍ പൂട്ടിയിടാൻ തൂണുകളോ ബാറുകളോ ഇല്ലെന്നതാണ് അവർ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.