Home കർണാടക ബെംഗളൂരു വിമാനത്താവളത്തിലെ പുതിയ നിയമങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടെന്ന് പരാതി പ്രതിഷേധം

ബെംഗളൂരു വിമാനത്താവളത്തിലെ പുതിയ നിയമങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടെന്ന് പരാതി പ്രതിഷേധം

by admin

ബെംഗളൂരു: കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെ.ഐ.എ.എല്‍) പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നു.എയര്‍പോര്‍ട്ടിലെ ടാക്‌സി ഡ്രൈവര്‍മാരാണ് പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. പുതിയ നിയമങ്ങള്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നാണ് കര്‍ണാടക ഡ്രൈവേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നത്.പുതിയ പാര്‍ക്കിംഗ് നിയമങ്ങള്‍ക്കെതിരേ വിമാനത്താവളത്തിന്റെ ടോള്‍ പ്ലാസയ്ക്ക് സമീപം ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.ടെര്‍മിനല്‍ വണ്‍ അറൈവല്‍ ഗേറ്റില്‍ നിന്ന് സ്വകാര്യ ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്ക് 800 മീറ്റര്‍ അകലെയാണ് പാര്‍ക്കിങ് സ്ഥലം അനുവദിച്ചിട്ടുള്ളത്.

ഇത്രയും ദൂരം യാത്രക്കാര്‍ക്ക് ലഗേജുമായി നടക്കേണ്ടി വരുന്നത് ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തിയ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികളുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പാര്‍ക്കിങ് നിയമങ്ങള്‍ സ്വകാര്യ ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനത്തെ സാരമായി ബാധിക്കുകയും യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ്.ടെര്‍മിനല്‍ രണ്ടില്‍ സ്വകാര്യ ടാക്‌സികള്‍ക്ക് യാത്രക്കാരെ കയറ്റാനായി വെറും എട്ടു മിനിറ്റ് മാത്രമാണ് സൗജന്യ പാര്‍ക്കിങ്ങിന് സമയം അനുവദിച്ചിട്ടുള്ളത്. സമയപരിധി കഴിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടി വരും. ഈ സമയപരിധിക്കുള്ളില്‍ യാത്രക്കാര്‍ക്ക് എത്താനും ലഗേജ് കയറ്റാനും വാഹനത്തിന് എയര്‍പോര്‍ട്ടിന് പുറത്തു കടക്കാനും സാധിക്കില്ലെന്നാണ് ഡ്രൈവര്‍മാരുടെ പരാതി.യാത്രക്കാര്‍ ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ ഇത് കാരണമാകുന്നുണ്ടെന്നും ഫലത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മാത്രമാണ് പുതിയ നിയമങ്ങള്‍ ഗുണകരമാകുന്നതെന്നും സ്വകാര്യ ടാക്‌സി ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. പുതിയ നിയമപ്രകാരം പാര്‍ക്കിങ് താഴെ പറയുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്.ഒന്നാം ലെയ്‌നില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം, രണ്ടാം ലെയ്‌നില്‍ എയര്‍പോര്‍ട്ട് ടാക്‌സികള്‍, മൂന്നാമത്തെയും അഞ്ചാമത്തെയും ലെയ്‌നുകളില്‍ സ്വകാര്യ കാറുകള്‍ എന്നിങ്ങനെയാണ് അറേഞ്ച്‌മെന്റ്. ഈ വിഭജനം സ്വകാര്യ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരിലേക്ക് എളുപ്പം ചെല്ലാനുള്ള മാര്‍ഗം കുറച്ചതായും വരുമാനത്തെ സാരമായി ബാധിച്ചതായും അവര്‍ പറയുന്നു.അതേസമയം, പുതിയ പാര്‍ക്കിംഗ് നയം മാറ്റില്ലെന്ന് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു. വിമാനത്താവളത്തിലെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച്‌ സുരക്ഷ, ഗതാഗത അച്ചടക്കം, യാത്രക്കാരുടെ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് എയര്‍പോര്‍ട്ട് വക്താവ് വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങള്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സാധാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.വരും ദിവസങ്ങളില്‍ പുതിയ നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ കര്‍ണാടക ഡ്രൈവേഴ്സ് അസോസിയേഷനും ബെംഗളൂരു ടാക്‌സി ഡ്രൈവേഴ്സ് യൂണിയനും സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group