ബംഗളൂരു: ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബാംഗ്ലൂരിന്റെ (ഐ .ഐ.ഐ .ടി ബി) പുതിയ ഡയറക്ടറായി പ്രഫ. ദേബബ്രത ദാസ്. തുടക്കകാലം മുതല്‍ സ്ഥാപനത്തെ നയിച്ച പ്രഫ. എസ്. സദഗോപന്‍ 22 വര്‍ഷത്തെ സേവനത്തിന് ശേഷം ജൂലൈ നാലിന് ചുമതല പുതിയ ഡയറക്ടര്‍ക്ക് കൈമാറി. 1999ലാണ് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ഐ .ഐ.ഐ .ടി ബി സ്ഥാപിതമായത്. കര്‍ണാടക സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ച ഐ .ഐ.ഐ .ടി കല്‍പിത സര്‍വകലാശാലയായാണ് പ്രവര്‍ത്തിക്കുന്നത്.

ഐ .ഐ.ഐ .ടി കാണ്‍പൂര്‍, ഐ .ഐ.എം ബാംഗ്ലൂര്‍, ഐ .ഐ.ഐ.ടി മദ്രാസ്, ഐ .ഐ .ടി ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി കാല്‍നൂറ്റാണ്ടു കാലത്തെ അധ്യാപന പരിചയവുമായാണ് സദഗോപന്‍ പടിയിറങ്ങുന്നത്. മ്യാന്‍മറിലെ മന്ദാലയയില്‍ കേന്ദ്ര വിദേശ കാര്യവകുപ്പിന് കീഴില്‍ മ്യാന്‍മര്‍ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തിയത് പ്രഫ. എസ്. സദഗോപനെയായിരുന്നു. രാജ്യത്തെ ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് ഒരു സ്ഥാപനത്തിന്റെ മേധാവിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

പുതിയ ഡയറക്ടറായ പ്രഫ. ദേബബ്രത ദാസ്, 2002ലാണ് ബാംഗ്ലൂര്‍ ഐ .ഐ.ഐ .ടി യില്‍ അസി. പ്രഫസറായി പ്രവേശിച്ചത്. 2014 മുതല്‍ 2017 വരെ അക്കാദമിക്സ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്സ് ഡീന്‍ ആയിരുന്നു. നേരത്തെ ഐ .ഐ.ഐ .ടി ഖരക്പൂര്‍, യു.എസ് ന്യൂജഴ്സിയിലെ കിരാന നെറ്റ്വര്‍ക്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.