ബെംഗളൂരു : കർണാടകത്തിലെ പട്ടികജാതിവിഭാഗക്കാരിൽ 75 ശതമാനവും തൊട്ടുകൂടായ്‌മ നേരിടുന്നുവെന്ന് കണ്ടെത്തൽ. എസി വിഭാഗങ്ങൾക്ക് ആഭ്യന്തര സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പഠനംനടത്തിയ ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് കമ്മിഷൻ്റെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. മാദിഗ വിഭാഗമാണ് ഏറ്റവും കൂടുതൽ അയിത്തം നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.കമ്മിഷൻ നടത്തിയ സർവേയിൽ മാദിഗ വിഭാഗത്തിൽപ്പെട്ട 7.59 ലക്ഷം കുടുംബങ്ങൾ തൊട്ടുകൂടായ്മ നേരിടുന്നുവെന്ന് പരാതിപ്പെട്ടു.
പലരീതിയിലാണ് തൊട്ടുകൂടായ്‌മ പ്രകടിപ്പിക്കുന്നത്.ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുക, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുക, പൊതുചടങ്ങുകളിൽ വിലക്കേർപ്പെടുത്തുക, പരിപാടികളിൽ പ്രത്യേക ഇരിപ്പിടം ക്രമീകരിക്കുക, പ്രത്യേക പാത്രം നൽകുക, സ്കൂളുകളിൽ വിദ്യാർഥികൾക്കുനേരേയുള്ള വിവേചനം എന്നിങ്ങനെയാണ് തൊട്ടുകൂടായ്‌മ പ്രകടിപ്പിക്കുന്നത്.
പട്ടികജാതിയിൽ ഉൾപ്പെട്ട 101 വിഭാഗക്കാർക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ 15 വിഭാഗക്കാർ വലിയതോതിൽ വിവേചനം നേരിടുന്നുണ്ട്.28 വിഭാഗങ്ങൾ ഇടത്തരം രീതിയിലും 38 വിഭാഗങ്ങൾ ചെറിയതോതിലും വിവേചനം നേരിടുമ്പോൾ 22 വിഭാഗങ്ങൾ വിവേചനം നേരിടുന്നില്ലെന്നും കണ്ടെത്തി.കഴിഞ്ഞ അഞ്ചുവർഷത്തിൽ സംസ്ഥാനത്ത് പട്ടികവിഭാഗങ്ങൾക്കെതിരേ നടന്ന അതിക്രമംസംബന്ധിച്ച് 8884 കേസുകളെടുത്തിട്ടുണ്ട്.
ഇതിൽ 3000-ലെറെ കേസുകളിലും പരാതിനൽകിയത് ആദി കർണാടക വിഭാഗക്കാരാണ്.45 പട്ടികജാതി വിഭാഗക്കാർ ഒരു പരാതിപോലും നൽകിയിട്ടില്ല. അതിക്രമം നേരിടാത്തതുകൊണ്ടല്ല പരാതിനൽകാത്തതെന്നും ഇവർക്ക് അവകാശത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും അവബോധമില്ലാത്തതാണ് കാരണമെന്നും റിപ്പോർട്ടിൽ വിലയിരുത്തി.
വാല്‍പ്പാറയില്‍ കടയില്‍ പോകുന്നതിനിടെ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു; മൃതദേഹ ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയില്‍
തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം.സഹോദരന് പാല്‍ വാങ്ങാനായി കടയില്‍ പോയതാണെന്നാണ് വിവരം. ഏറെ നേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു.
തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെ കൂട്ടി നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹ ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലായിരുന്നു.ആക്രമിച്ചത് പുലിയാണോ കരടിയാണോ എന്ന് സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്. വാല്‍പ്പാറയില്‍ ഒരു മാസം മുമ്ബ് പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാല് വയസ്സുകാരിയെ ആണ് അന്ന് പുലി കൊന്ന് തിന്നത്.