ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ബെംഗളുരു രാമമൂർത്തി നഗറില്‍ എ&എ ചിട്ട് ഫണ്ട്സ് എന്ന കമ്ബനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വില്‍പ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്ബനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ലെന്നാണ് 9 വർഷമായി രാമമൂർത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരി സതി പറയുന്നത്. 265 പേരാണ് ചിട്ടികമ്ബനിക്കെതിരെ ഇത് വരെ പരാതി നല്‍കിയത്. കേസെടുത്ത രാമമൂർത്തി നഗർ പൊലീസ് പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്.
രേഖകളില്‍ 1300-ഓളം ഇടപാടുകാരുള്ളതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കും.പണം നഷ്ടപ്പെട്ട നൂറ് കണക്കിന് പേരാണ് രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. ബെംഗളുരു നഗരത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളാണ് ഇതില്‍ ഭൂരിഭാഗം പേരും. ആരാധനാലയങ്ങള്‍ വഴിയും റസിഡൻസ് അസോസിയേഷനുകള്‍ വഴിയുമാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും ആളുകളെ ചേർത്തിരുന്നത്. 2005 മുതല്‍ പ്രവർത്തിക്കുന്ന കമ്ബനിയാണിത്. ബാങ്ക് പലിശയേക്കാള്‍ കൂടുതല്‍ പലിശ നല്‍കിയാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വരെ നിക്ഷേപകർക്ക് പലിശയിനത്തില്‍ നല്‍കാനുള്ള പണം കൃത്യമായി ഇവർ നല്കിയിരുന്നതിനാല് ആർക്കും സംശയം തോന്നിയില്ല. പിന്നീടാണ് ഒരു മുന്നറിയിപ്പുമില്ലാതെ താമസിച്ചിരുന്ന ഫ്ലാറ്റ് പോലും വിറ്റ് ടോമിയും ഭാര്യയും മുങ്ങിയത്. രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്ത എഫ്ഐആറില്‍ ബെംഗളുരു സ്വദേശിയായ സാവിയോ പി ടി എന്ന അറുപത്തിനാലുകാരനും കുടുംബാംഗങ്ങള്‍ക്കുമായി 70 കോടി രൂപ നഷ്ടമായെന്നാണ് കാണിച്ചിരിക്കുന്നത്.
ഇത് വരെ 265 പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കമ്ബനി രേഖകളില്‍ 1300-ഓളം ഇടപാടുകാരുള്ളതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നുറപ്പ്. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച ഓഫാണെന്നും വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിച്ച് വരികയാണെന്നും രാമമൂർത്തി നഗർ പൊലീസ് അറിയിച്ചു