ഒറ്റയ്ക്ക് കാറോടിച്ച് പോകുന്നവരെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി.അപകടമുണ്ടാക്കി പരിക്കേല്‍പ്പിച്ചുവെന്ന് ആരോപിച്ച് പണം വാങ്ങി മുങ്ങുന്നതായിരുന്നു രീതി. ബംഗളുരു ശാന്തിനഗർ സ്വദേശിയായ 78കാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. സമാനമായ കുറ്റങ്ങള്‍ക്ക് നേരത്തെയും പലതവണ ഇയാള്‍ പിടിയിലായിട്ടുണ്ട്.ജൂണ്‍ രണ്ടാം തീയ്യതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബിസിനസുകാരനായ ചന്ദ്രശേഖർ എംജി റോഡിലൂടെ പകല്‍ സമയത്ത് വാഹനം ഓടിച്ച് വരുന്നതിനിടെ ഇയാള്‍ അടുത്തേക്ക് ചെല്ലുകയായിരുന്നു.
തന്റെ സഹോദരന് ഈ കാറിടിച്ച് പരിക്കേറ്റിച്ചുണ്ടെന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം. കുടുതല്‍ സംസാരത്തിന് നില്‍ക്കാതെ ഇയാള്‍ പെട്ടെന്ന് തന്നെ 5500 രൂപ വാങ്ങി മുങ്ങിയെന്ന് ചന്ദ്രശേഖർ പറഞ്ഞു. പിന്നീട് ഈ സംഭവം ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ സമാനമായ ഒരു സംഭവം പത്രത്തില്‍ വായിച്ചതായി സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. ഈ വാർത്ത സഹിതം ചന്ദ്രശേഖർ ബംഗളുരു അശോക് നഗർ പൊലീസിനെ സമീപിച്ചു.
മൈസൂർ രാജേന്ദ്രനഗർ സ്വദേശിയായ ജമീല്‍ ഖാൻ എന്നൊരാളുടെ തട്ടിപ്പ് സംബന്ധിച്ചായിരുന്നു ഇവർ പൊലീസിനെ കാണിച്ച വാർത്ത.ഇത് പ്രകാരം പൊലീസ് മൈസൂരിലെ വീട്ടിലെത്തി ഇയാളെ അന്വേഷിച്ചു. അപ്പോഴാണ് മറ്റൊരു തട്ടിപ്പ് കേസില്‍ ഏതാനും ദിവസം മുമ്ബ് ഇയാളെ ബംഗളുരുവിലെ തന്നെ മറ്റൊരു പൊലീസ് സംഘം അറസ്റ്റ് ചെയ്തതായും റിമാൻഡില്‍ ബംഗളുരു സെൻട്രല്‍ ജയിലില്‍ തന്നെ പാർപ്പിച്ചിരിക്കുന്നതായും മനസിലാക്കിയത്. തുടർന്ന് കോടതിയില്‍ നിന്ന് വാറണ്ട് വാങ്ങി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടങ്ങി.
തിരക്കേറിയ എംജി റോഡില്‍ വെച്ച് പട്ടാപ്പകല്‍ ഇത്തരത്തില്‍ പണം തട്ടിയത് ഞെട്ടിക്കുന്നതാണെന്ന് പരാതിക്കാരൻ ആരോപിച്ചു. പൊലീസ് പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടിയത് ആശ്വാസകരമാണ് എന്നാല്‍ ഇയാള്‍ ഇതേ കുറ്റത്തിന് പലതവണ പിടിയിലായ ആളാണെന്നത് ആശ്വാസത്തിന് വക നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 55കാരനില്‍ നിന്ന് 61,000 രൂപ തട്ടിയ കേസിലായിരുന്നു ഏറ്റവുമൊടുവില്‍ ഇയാള്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്നത്.