Home Featured ജോലി സമയം 10 മണിക്കൂറാക്കാൻ നീക്കം; ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് യൂണിയൻ, പ്രതിഷേധം

ജോലി സമയം 10 മണിക്കൂറാക്കാൻ നീക്കം; ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് യൂണിയൻ, പ്രതിഷേധം

ബെംഗളൂരു ∙ സംസ്ഥാനത്ത് കുറഞ്ഞ തൊഴിൽ സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനുള്ള നിയമ ഭേദഗതിക്കായി സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയതോടെ ഐടി മേഖലയിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുന്നു. കർണാടക ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്ത് പരമാവധി തൊഴിൽ സമയം 10 മണിക്കൂർ ആക്കുന്നതിന് പുറമേ ഓവർ ടൈം 12 മണിക്കൂറാക്കാനുമാണ് നീക്കം. ഐടി, ഫിനാൻസ്, അനിമേഷൻ, അക്കൗണ്ടിങ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളെ ഇതു പ്രതികൂലമായി ബാധിക്കും. ഓവർ ടൈം 3 മാസത്തിൽ 50 മണിക്കൂർ ആയിരുന്നത് 144 മണിക്കൂർ ആക്കി ഉയർത്താൻ നിർദേശിക്കുന്നതാണ് ഭേദഗതി.  

എതിർപ്പ് ശക്തം
അഭിപ്രായം അറിയിക്കാൻ തൊഴിൽ വകുപ്പ് വിധാൻ സൗധയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കർണാടക സ്റ്റേറ്റ് ഐടി, ഐടീസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ശക്തമായ എതിർപ്പ് അറിയിച്ചു. തൊഴിൽ സമയം മുൻപത്തെ പോലെ 9 മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന് യൂണിയൻ പ്രതിനിധികൾ ലേബർ കമ്മിഷണർ എച്ച്.എൻ. ഗോപാലകൃഷ്ണയോട് ആവശ്യപ്പെട്ടു. യൂണിയൻ പ്രതിനിധികൾക്കു പുറമേ വിവിധ കമ്പനികളുടെ പ്രതിനിധികളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 2024 ൽ ഐടി മേഖലയിൽ ജോലി സമയം 14 മണിക്കൂറാക്കാൻ സർക്കാർ നീക്കം നടത്തിയത് യൂണിയന്റെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതു കുറച്ച് 12 മണിക്കൂർ ആക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നാണ് ലേബർ കമ്മിഷണർ വ്യക്തമാക്കിയത്. 

ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് യൂണിയൻ 
അടിമത്തം അടിച്ചേൽപിക്കാനുള്ള മനുഷ്യത്വരഹിതമായ ശ്രമമാണിതെന്ന് കെഐടിയു ജനറൽ സെക്രട്ടറി സുഹാസ് അഡിഗ പറഞ്ഞു. നിലവിൽ മിക്ക കമ്പനികളും ജീവനക്കാരെക്കൊണ്ട് 12 –13 മണിക്കൂർ അനധികൃതമായി ജോലി ചെയ്യിക്കുന്നുണ്ട്. ഈ നടപടി നിയമപരമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതാണ് യൂണിയൻ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. കൂടുതൽ സമയം തൊഴിൽ ചെയ്യുന്നതു കാരണം ഒട്ടേറെ ആളുകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യോഗത്തിൽ കെഐടിയു പ്രസിഡന്റ് വി.ജെ.കെ. നായർ, സെക്രട്ടറിമാരായ ലെനിൽ ബാബു തുടങ്ങിയവരും പങ്കെടുത്തു. 

ന്യായീകരിച്ച് തൊഴിൽ വകുപ്പ്
പരമാവധി തൊഴിൽ സമയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ വാദം. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്,  ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ തൊഴിൽ സമയം വർധിപ്പിച്ച കാര്യവും തൊഴിൽ വകുപ്പ് ചൂണ്ടിക്കാട്ടുന്നു

You may also like

error: Content is protected !!
Join Our WhatsApp Group