Home Featured ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ ദൈവത്തിന് പോലുമാകില്ല’; തുരങ്കപാതകളും എലിവേറ്റഡ് ഇടനാഴികളും വരണമെന്ന് ഡികെ ശിവകുമാർ

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ ദൈവത്തിന് പോലുമാകില്ല’; തുരങ്കപാതകളും എലിവേറ്റഡ് ഇടനാഴികളും വരണമെന്ന് ഡികെ ശിവകുമാർ

by admin

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾ ഒന്നോ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ദൈവത്തിന് പോലുമാകില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഇത് ഒരു ദുഷ്‌കരമായ സാഹചര്യമാണ്. തുരങ്ക പാതകളും എലിവേറ്റഡ് ഇടനാഴികളും പോലുള്ള പദ്ധതികൾ പൂർത്തിയായാൽ നഗരത്തിലെ ഗതാഗത സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.ബ്രഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ഡബ്ല്യുആർഐ ഇന്ത്യയും സംഘടിപ്പിച്ച വർക്ക്‌ഷോപ്പ് നമ്മ റാസ്‌തെ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാർ.

ബെംഗളൂരു നഗരത്തിലെ ഏകദേശം 13,000 കിലോമീറ്റർ റോഡ് ശൃംഖലയ്ക്കുള്ള ഡിസൈൻ സ്റ്റാൻഡേർഡ് മാനുവലായ ‘നമ്മ റാസ്‌തെ’ ഹാൻഡ്‌ബുക്കും ഉപമുഖ്യമന്ത്രി പുറത്തിറക്കി. ബിബിഎംപിയുടെ അഭ്യർഥന പ്രകാരം മൊബിലിറ്റി വിദഗ്ധരാണ് ഗൈഡ് തയാറാക്കിയത്. നഗരത്തിലെ റോഡുകളുടെ ഡിസൈൻ, നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള മികച്ച രീതികൾ വിശദീകരിക്കുന്നതാണ് ഹാൻഡ് ബുക്ക്.

ബെംഗളൂരു നഗരത്തിൻ്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. നഗരത്തിലെ ടണൽ റോഡ് ജോലികൾ ആരംഭിക്കേണ്ട ഘട്ടമായിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നം, സാമ്പത്തികം, ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം വൈകി. 40 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ റോഡ് പ്ലാൻ തയ്യാറായിക്കഴി. അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ നിരവധി പദ്ധതികൾ രൂപപ്പെടും. 1,700 കിലോമീറ്റർ റോഡുകളുടെ ദൈർഘ്യം വർധിപ്പികുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരു നഗരത്തിലെ ജനസംഖ്യ 1.4 കോടിയിലെത്തി. നഗരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1.1 കോടിയായി. ബെംഗളൂരുവിൻ്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്ന് ടണൽ റോഡുകളാണ്. സർക്കാർ അധികാരത്തിൽ എത്തിയ ശേഷം റോഡുകളുടെ നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കുന്നുണ്ട്. ടെൻഡർ നടപടികൾ വൈകുന്നതിന് കാരണം സാങ്കേതിക പ്രശ്നങ്ങളും ഭൂമി ഏറ്റെടുക്കൽ വെല്ലുവിളികളും സാമ്പത്തിക പ്രശ്നങ്ങളുമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

നഗരത്തിലെ റോഡുകളുടെ ഡിസൈൻ അറ്റകുറ്റപ്പണികൾ എന്നിവ മാനദണ്ഡമാക്കി നിലവിലുള്ള റോഡുകൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ശരിയായി ആസൂത്രണം ചെയ്യുകയും പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുകയും വേണമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി. ബെംഗളൂരു നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിരവധി പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ പ്രതികരണം.

You may also like

error: Content is protected !!
Join Our WhatsApp Group