Home Featured കൂടുതൽ ബസുകളുടെ തത്സമയ റൂട്ട് ഉൾപ്പെടുത്തി നവീകരിച്ച നമ്മ ബിഎംടിസി ആപ് പുറത്തിറക്കി

കൂടുതൽ ബസുകളുടെ തത്സമയ റൂട്ട് ഉൾപ്പെടുത്തി നവീകരിച്ച നമ്മ ബിഎംടിസി ആപ് പുറത്തിറക്കി

by admin

ബെംഗളൂരു ∙ കൂടുതൽ ബസുകളുടെ തത്സമയ റൂട്ട് ഉൾപ്പെടുത്തി നവീകരിച്ച നമ്മ ബിഎംടിസി ആപ് പുറത്തിറക്കി. ബിഎംടിസിയുടെ 6,340 ബസുകളിൽ 5,353 ബസുകളുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. അടുത്തയിടെ നിരത്തിലിറക്കിയ 1,200 ഇലക്ട്രിക് ബസുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണിത്. മുഴുവൻ ബസുകളും ആപ്പിൽ ഉൾപ്പെടുത്താൻ ശ്രമം തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തൊട്ടടുത്ത ബസ് ടെർമിനലുകൾ ഉൾപ്പെടെ ആപ്പിലൂടെ കണ്ടെത്താം. ഉചിതമായ ബസ് സർവീസുകൾ കണ്ടെത്തി യാത്ര ആസൂത്രണം ചെയ്യാം. ടിക്കറ്റ് നിരക്കും കണക്കാക്കാം. ഒപ്പം പ്രതിദിന, പ്രതിമാസ, പ്രതിവാര പാസുകളും വാങ്ങാനാകും.

അടിയന്തരഘട്ടങ്ങളിൽ അധികൃതരുമായി ബന്ധപ്പെടാനുള്ള എമർജൻസി ബട്ടനുമുണ്ട്. സ്ത്രീസുരക്ഷ ഉൾപ്പെടെ ലക്ഷ്യമിട്ടാണിത്. ഒന്നര വർഷങ്ം മുൻപാണ് 3000 ബസുകളുടെ വിവരങ്ങളുമായി നമ്മ ബിഎംടിസി ആപ് പുറത്തിറക്കിയത്. എന്നാൽ ആപ്പിലെ വിവരങ്ങൾ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമായി. ആപ്പിനെ വിശ്വസിച്ചവർ പലരും പെരുവഴിയിലായതായും പരാതി വന്നതോടെ നവീകരണത്തിനായി ആപ് പിൻവലിക്കുകയായിരുന്നു.

ഭക്ഷണശാലയും ശുചിമുറിയുംകണ്ടെത്താം: തൊട്ടടുത്ത ബസ് ടെർമിനലുകളിലെ ശുചിമുറി, ഭക്ഷണശാല ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കണ്ടെത്താനാകുമെന്നതാണ് നവീകരിച്ച ആപ്പിലെ മറ്റൊരു പ്രത്യേകത. ടെർമിനലുകളിൽ ശുദ്ധജലമുള്ള ഇടം, വിശ്രമമുറി, പാർക്കിങ് സൗകര്യം, ടിക്കറ്റ് കൗണ്ടർ എന്നിവിടങ്ങളിലെത്താൻ ആപ് വഴികാട്ടും. ടെർമിനലിനു പുറത്തെ എടിഎം, മെഡിക്കൽ സ്റ്റോർ എന്നിവയും ആപ്പിലൂടെ കണ്ടെത്താനാകും. പുതുതായി നഗരത്തിൽ എത്തുന്നവർക്ക് ഉൾപ്പെടെ ഏറെ പ്രയോജനകരമാകുന്ന ആപ്പാണിത്.

ഇനിയും വൈകും ഇലക്ട്രോണിക് സിറ്റി മെട്രോ സർവീസ്∙ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്– ബൊമ്മസന്ദ്ര നമ്മ മെട്രോ പാതയിലേക്കുള്ള മൂന്നാം സെറ്റ് ഡ്രൈവറില്ലാ ട്രെയിനുകൾ ലഭിക്കുന്നതിന് കാലതാമസം നേരിട്ടതോടെ സർവീസ് ആരംഭിക്കാൻ ഇനിയും വൈകിയേക്കും. ജനുവരി അവസാനം ട്രെയിൻ സെറ്റുകൾ നൽകുമെന്ന വാഗ്ദാനം പാലിക്കാൻ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റഗറിനു കഴിയാത്ത സാഹചര്യത്തിലാണിത്. ഫെബ്രുവരി പത്തിനാകും അവ എത്തുകയെന്നാണ് സൂചന. ട്രെയിനിന്റെ പരീക്ഷണയോട്ടങ്ങളും റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനയും ഉൾപ്പെടെ പൂർത്തിയായതിനു ശേഷമാകും സർവീസ് ആരംഭിക്കാനാകുക.

You may also like

error: Content is protected !!
Join Our WhatsApp Group