Home Featured പൊലീസുകാരുടെ കണ്ണുവെട്ടിച്ച്‌ കേക്ക് എസൻസ് അമിതമായി കഴിച്ചു ;മൂന്ന് തടവുകാർക്ക് ദാരുണാന്ത്യം.

പൊലീസുകാരുടെ കണ്ണുവെട്ടിച്ച്‌ കേക്ക് എസൻസ് അമിതമായി കഴിച്ചു ;മൂന്ന് തടവുകാർക്ക് ദാരുണാന്ത്യം.

by admin

പൊലീസുകാരുടെ കണ്ണുവെട്ടിച്ച്‌ കേക്കില്‍ ഉപയോഗിക്കുന്ന എസൻസ് അമിതമായി കഴിച്ച മൂന്ന് തടവുകാർക്ക് ദാരുണാന്ത്യം.മൈസൂരു സെൻട്രല്‍ ജയിലിലാണ് സംഭവം. ജയിലിലെ ബേക്കറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് തടവുകാരാണ് മരിച്ചത്. ഗുണ്ടില്‍ പേട്ട് സ്വദേശിയും 36കാരനായ മാദേശ, കൊല്ലഗല്‍ സ്വദേശിയും 32കാരനുമായ നാഗരാജ, സകലേഷ്പൂർ സ്വദേശിയും 30കാരനുമായ രമേഷ് എന്നിവരാണ് മരിച്ചത്. മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറിയില്‍ ക്രിസ്തുമസിന് ലഭിച്ച ബള്‍ക്ക് ഓർഡർ തയ്യാറാക്കുന്നതിന്റെ ചുമതലയിലുള്ള മൂന്ന് തടവുകാരാണ് മരിച്ചതെന്നാണ് ജയില്‍ സൂപ്രണ്ട് ബി എസ് രമേഷ് വിശദമാക്കുന്നത്.

ഡിസംബർ 26ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുന്നതായി ഇവർ പരാതിപ്പെട്ടിരുന്നു. ഇവർക്ക് പ്രാഥമിക ചികിത്സകള്‍ ജയിലില്‍ തന്നെ വച്ച്‌ നല്‍കിയ ശേഷം കെ ആർ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കേക്ക് എസൻസ് രഹസ്യമായി കഴിച്ച കാര്യം ഇവർ ആരോടും പറഞ്ഞിരുന്നില്ല. ജനുവരി 2ന് ആശുപത്രിയില്‍ കാണാനെത്തിയ കുടുംബാംഗങ്ങളോടാണ് ഇവർ കേക്ക് എസൻസ് അമിത അളവില്‍ കഴിച്ച കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ ഇവരുടെ ചികിത്സയില്‍ മാറ്റം വരുത്തിയെങ്കിലും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. തിങ്കളാഴ്ച മദേശയും ചൊവ്വാഴ്ച നാഗരാജയും രമേശ് ബുധനാഴ്ചയുമാണ് മരിച്ചത്.

സംഭവത്തില്‍ മണ്ഡി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വീട്ടുകാർക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് വിശദമാക്കി. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിവിധ കേസുകളിലായി ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളികളാണ് മാദേശയും നാഗരാജയും. അതേസമയം പീഡനക്കേസില്‍ 10 വർഷത്തെ തടവ് ശിക്ഷയാണ് രമേഷിന് ലഭിച്ചിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group