സൂറത്ത്കല്‍ കുളായി ജെട്ടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു.ചിത്രദുർഗ ജില്ലയിലെ ഉപ്പരിഗെനഹള്ളിയില് നിന്നുള്ള ശിവലിംഗപ്പയുടെ മകൻ എം എസ് മഞ്ജുനാഥ് (31), ശിവമൊഗ്ഗ ജില്ലയില്‍ നിന്നുള്ള ശിവകുമാർ (30), ബെംഗ്ളൂറിലെ ജെപി നഗറില്‍ നിന്നുള്ള സത്യവേലു (30) എന്നിവരാണ് മരിച്ചത്. ബിദാർ ജില്ലയിലെ ഹംഗാർഗയില് നിന്നുള്ള പരമേശ്വര (30) മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടു.എഎംസി എൻജിനീയറിംഗ് കോളജിലെ സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഈ നാലുപേരും.
ചൊവ്വാഴ്ച രാത്രി ബെംഗ്ളൂറില്‍ നിന്ന് കാറില്‍ യാത്ര തിരിച്ച ഇവർ ബുധനാഴ്ച രാവിലെയാണ് മംഗ്ളൂറില്‍ എത്തിയത്. ഒരു ഹോട്ടലില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം ഉച്ചയോടെ ഇവർ കുളായി ജെട്ടിയിലേക്ക് പോവുകയായിരുന്നു.
കടലില്‍ കളിക്കുന്നതിനിടെ നാലുപേരും അപ്രതീക്ഷിതമായി അപകടത്തില്‍ പെടുകയായിരുന്നു.സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവർത്തനത്തിന് ഉടൻ തന്നെ ഇറങ്ങിയെങ്കിലും മൂന്നുപേരെ രക്ഷിക്കാനായില്ല. ശിവകുമാറിന്റെയും സത്യവേലുവിന്റെയും മഞ്ജുനാഥിന്റെയും മൃതദേഹങ്ങള്‍ ജെട്ടിയുടെ വലതുവശത്തുനിന്നാണ് കണ്ടെത്തിയത്. പരമേശ്വരനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി എജെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് സൂറത്ത്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.