ജനുവരി മാസത്തിൽ ബെംഗളൂരു ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് ലാൽബാഗ് പുഷ്പമേളയുടേത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിച്ചിരിക്കുന്ന ലാൽബാഗ് ഉദ്യാനവും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും കാണാൻ കുട്ടികളും മുതിർന്നവരും ഉത്സാഹപൂർവ്വം ഇവിടേക്ക് എത്തുന്നു. ആയിരക്കണക്കിനാളുകൾ സന്ദർശിക്കുന്ന ലാൽബാഗ് പുഷ്പമേള ഇതാ അടുത്ത പ്രദർശനത്തിന് തയ്യാറായിരിക്കുകയാണ്.റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേള 2025 ജനുവരി 16 മുതൽ 26 വരെ 11 ദിവസങ്ങളിലായി നടക്കും. ലക്ഷക്കണക്കിന് പൂക്കളും അതൊകൊണ്ടൊരുക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകളും ആയി ബെംഗളൂരു റെഡി ആയി. നിങ്ങളോ? എന്തൊക്കെയാണ് ഈ വർഷം ഇവിടെ ഒരുക്കിയിരിക്കുന്ന കാഴ്ചകളെന്നും പ്രത്യേകതകളെന്നും നോക്കാം.
ലാൽബാഗ് പുഷ്പമേള 2025: ഭാരതീയ ഇതിഹാസ കൃതിയായ രാമായണത്തിന്റെ കർത്താവാണ്വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്‍റ് സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേളയിൽ കാത്തിരിക്കുന്നത്.
എല്ലാ വർഷത്തെയും പോലെ ലാൽ ബാഗിലെ ഗ്ലാസ് ഹൗസിലാണ് ഏറ്റവും മനോഹരമായ പൂക്കളുടെ അലങ്കാരങ്ങൾ കാത്തിരിക്കുന്നത്. വാൽമീകിയുടെ ജീവിതകഥ സങ്കീർണ്ണമായ പുഷ്പാലങ്കാരങ്ങളിൽ നിങ്ങൾക്ക് ഇവിടെ കാണാം. രത്നാകരൻ എന്ന കൊള്ളക്കാരനായി ജീവിതം തുടങ്ങിയതു മുതൽ അദ്ദേഹം ഒരു ഋഷിയായി മാറുന്നത് വരെയുള്ള കാഴ്ചകൾ ഇവിടെ പൂക്കളിൽ അലങ്കരിക്കും. ഇതിനായി മാത്രം 25 ലക്ഷം പൂക്കൾ ഉപയോഗിക്കും. പത്ത് ലക്ഷം പൂക്കൾ ഉപയോഗിച്ചാണ് മധ്യഭാഗം അലങ്കരിക്കുക. വാൽമീകിയുടെ ആശ്രമം, പ്രധാന രാമായണ രംഗങ്ങൾ, എന്നിവയും ഇവിടെ പൂക്കളിൽ ഒരുക്കും.
ലാൽബാഗ് ഫ്ലവർ ഷോ 2025, തിയതി, ടിക്കറ്റ് നിരക്ക്ലാൽബാഗ് പുഷ്പമേള 2025 ജനുവരി 16 മുതൽ 26 വരെ 11 ദിവസങ്ങളിലായി നടക്കും.രാവിലെ 7.00 മുതൽ വൈകിട്ട് 7.00 മണി വരെയാണ് പ്രവേശനം.മുതിര്‍ന്നവർക്ക് പ്രവർത്തി ദിവസങ്ങളിൽ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് പ്രവർത്തി ദിവസങ്ങളിൽ 10 രൂപയും വാരാന്ത്യങ്ങളിൽ 30 രൂപയും ടിക്കറ്റുണ്ട്. എന്നാല് യൂണിഫോമിൽ വരുന്ന സ്കൂൾ കുട്ടികള്‍ക്ക് എല്ലാ ദിവസവും സൗജന്യ പ്രവേശനമാണ്.പ്രഭാത നടത്തക്കാർക്ക് രാവിലെ 9 മണിക്ക് മുമ്പ് പ്രവേശനം സൗജന്യമാണ്. രാവിലെ 9 മണിക്ക് ശേഷം, പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റുകൾ വാങ്ങണം.ലാൽബാഗ് ഗാർഡന് സമീപമുള്ള പ്രവേശന കൗണ്ടറുകളിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ വാങ്ങാൻ കഴിയൂ; ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമല്ല.
ലാൽബാഗ് ഗാർഡന് ഏറ്റവും അടുത്തുള്ള മെട്രോ ലാൽബാഗ് മെട്രോ സ്റ്റേഷൻ ആണ്. നാല് പ്രവേശന കവാടങ്ങള്‍ ലാൽബാഗിനുണ്ട്. വെസ്റ്റ് ഗേറ്റ്: സിദ്ധപുര സർക്കിൾ, ഈസ്റ്റ് ഗേറ്റ്: ഡബിൾ റോഡ്,സൗത്ത് കവാടം: അശോക പില്ലര്, നോർത്ത് ഗേറ്റ്: സുബ്ബയ്യ സർക്കിൾ എന്നിവയാണവ.