ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള പാത (യെല്ലോ ലൈൻ) ജനുവരിയിൽ തുറക്കും. ഡിസംബറോടെ മെട്രോ റെയിൽ സുരക്ഷാകമ്മിഷണറുടെ അനുമതിലഭിക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) പ്രതീക്ഷിക്കുന്നത്.ഡ്രൈവർരഹിത മെട്രോയാകും ഈപാതയിൽ സർവീസ് നടത്തുക. പശ്ചിമബംഗാളിലെ ടിറ്റാഗ റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽ (ടി.ആർ.എസ്.എൽ.) ആണ് മെട്രോ ട്രെയിനുകൾ നിർമിക്കുന്നത്. ഒരു ട്രെയിൻ നേരത്തേ ലഭിച്ചിരുന്നു. ബാക്കിയുള്ളവ ഡിസംബർ അവസാനത്തോടെ ലഭിക്കും. മൂന്നു ട്രെയിനുകളാവും ഈ പാതയിൽ സർവീസ് നടത്തുക.
ഈവർഷമാദ്യം ചൈനയിൽനിന്നെത്തിച്ച ട്രെയിനുപയോഗിച്ചുള്ള പരീക്ഷണഓട്ടം നടക്കുകയാണ്.ബി.ടി.എം. ലേഔട്ട്, സിൽക്ക്ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സിറ്റി തുടങ്ങി പ്രധാനസ്ഥലങ്ങളിലൂടെയാണ് യെല്ലോ ലൈൻ കടന്നുപോകുന്നത്. 19.5 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളുണ്ടാകും. ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്‌പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്സസിറ്റി, കൊനപ്പന അഗ്രഹാര, ഹസർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാകും സ്റ്റേഷനുകൾ.
ഇതിൽ ജയദേവ ഹോസ്‌പിറ്റൽ സ്റ്റേഷൻ പിങ്ക് ലൈനുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. തെക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഈ പാത പരിഹാരമാകുമെന്നാണ് കരുതുന്നത്. യെല്ലോ ലൈൻ കടന്നുപോകുന്ന റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടമേൽപ്പാലവും സജ്ജമായിട്ടുണ്ട്. പാലത്തിന്റെ മുകളിലത്തെ നിലയിലൂടെ മെട്രോയും താഴത്തെ നിലയിലൂടെ മോട്ടോർ വാഹനങ്ങളുമാണ് കടന്നുപോകുന്നത്.
ഒരു രൂപ ബാക്കിനല്‍കാത്തതിന് ചൂടുചായ ദേഹത്ത് ഒഴിച്ചു: പ്രതിക്ക് 15 വര്‍ഷം കഠിനതടവ്
ഒരു രൂപ ബാക്കിനല്‍കാത്തതിന് വൃദ്ധരായ ഹോട്ടല്‍ ഉടമകളെ ആക്രമിച്ച കേസിലെ പ്രതി നെടുമങ്ങാട് ആനാട് അജിത് ഭവനില്‍ അജിത്തിനെ കോടതി 15 വർഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.നെടുമങ്ങാട് പഴകുറ്റി സ്വദേശികളായ രഘുനാഥനും ലീലാമണിയും നടത്തുന്ന ഹോട്ടലിലെത്തിയ അജിത്ത് അവിടെനിന്ന് ഭക്ഷണം കഴിച്ചു.
ഭക്ഷണവിലയായ 45 രൂപ ചോദിച്ചപ്പോള്‍ അജിത്ത് അൻപത് രൂപ നോട്ട് നല്‍കി. ചില്ലറ തികയാതിരുന്നതിനാല്‍ ലീലാമണി ബാക്കി നാല് രൂപ നല്‍കി. ഒരു രൂപ കുറവുണ്ടെന്നും അത് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഉടനെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളില്‍ നിന്ന് ഒരു രൂപ വാങ്ങി നല്‍കിയെങ്കിലും പ്രകോപിതനായ പ്രതി കടയില്‍ ചായക്ക് തിളച്ചു കൊണ്ടിരുന്ന ചൂടുവെള്ളം വൃദ്ധദമ്ബതിമാരുടെ ദേഹത്തേക്ക് ഒഴിച്ചുവെന്നാണ് കേസ്.
വൃദ്ധദമ്ബതിമാരെ ക്രൂരമായി ആക്രമിച്ച പ്രതി നിയമത്തിന് മുന്നില്‍ മാപ്പ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും പരിഗണിച്ചായിരുന്നു കോടതിയുടെ ശിക്ഷാ വിധി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.