Home Featured നഗരത്തിലെ അനധികൃത പി.ജി.കൾ പൂട്ടിച്ച് ബിബിഎംപി

നഗരത്തിലെ അനധികൃത പി.ജി.കൾ പൂട്ടിച്ച് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരു നഗരത്തിലേക്ക് പഠനം, ജോലി ആവശ്യങ്ങൾക്കായി എത്തുന്ന മലയാളികളടക്കമുള്ളവർക്ക് ഏറെ ഉപകാരപ്രദമാണ് വിവിധയിടങ്ങളിലുള്ള പേയിങ് ഗസ്റ്റ് (പിജി) താമസസൗകര്യങ്ങൾ. തദ്ദേശ സ്ഥാപനമായ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ മാ‍ർഗനിർദേശങ്ങൾക്ക് അനുസൃതമായാണ് ഇവയുടെ പ്രവ‍ർത്തനം. എന്നാൽ ബിബിഎംപിയുടെ അനുമതി പോലുമില്ലാതെ പ്രവ‍ർത്തിക്കുന്ന പിജികളും നഗരത്തിലുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. അനധികൃതമായി പ്രവ‍ർത്തിക്കുന്ന ഇത്തരം പിജികൾ പൂട്ടിക്കാനടക്കമുള്ള നടപടികളിലേക്ക് ബിബിഎംപി കടന്നിരിക്കുകയാണ്.

സ്പെഷ്യൽ കമ്മീഷണ‍ർ (ആരോഗ്യം) സുരൽകർ വികാസ് കിഷോറിൻ്റെ മേൽനോട്ടത്തിലാണ് ബിബിഎംപി അധികൃതർ നഗരത്തിലെ പിജികൾ പരിശോധിക്കുന്ന ഡ്രൈവിന് തുടക്കമിട്ടത്. ബിബിഎംപിയുടെ ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണോ പിജികളുടെ പ്രവ‍ർത്തനം എന്നാണ് പരിശോധിച്ചത്. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള എട്ട് സോണുകളിലെ മുഴുവൻ പിജികളും പരിശോധനയ്ക്ക് വിധേയമാക്കി. മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കാനാണ് തീരുമാനം.

2,193 അംഗീകൃത പിജികൾ: ബിബിഎംപിയുടെ കർശന പരിശോധനയിൽ 2,193 അംഗീകൃത പിജികൾ തിരിച്ചറിഞ്ഞതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇവയിൽ 1,578 പിജികളും നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. 615 അംഗീകൃത പിജികൾ ആവശ്യമായ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് അധികൃത‍ർ കണ്ടെത്തി. ഇവ ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിക്കാത്ത 1,011 പിജികൾക്ക് അധികൃതർ നോട്ടീസയച്ചു.

2,320 അനധികൃത പിജികൾ:ബിബിഎംപിയുടെ അധികാരപരിധിയിൽ 2,320 അനധികൃത പിജികൾ പ്രവർത്തിക്കുന്നതായും കണ്ടെത്തി. ഇവയിൽ 1,674 എണ്ണം നിർദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിലും 646 പിജികളുടെ പ്രവർത്തനം നിർദേശങ്ങൾ കാറ്റിൽപറത്തിയാണ്. 2,320 അനധികൃത പിജികൾക്കും ബിബിഎംപി നോട്ടീസയച്ചു. തുടർച്ചയായി നോട്ടീസയച്ചിട്ടും നടത്തിപ്പുകാർക്ക് കുലുക്കമില്ലാത്തതോടെ 21 പിജികൾ പൂട്ടിച്ചു. ഇതിൽ ഒരു അംഗീകൃത പിജിയും 20 അനധികൃത പിജിയും ഉൾപ്പെടുന്നു. ബിബിഎംപി ആക്ട് 2020ലെ സെക്ഷൻ 305, 308 പ്രകാരമാണ് നടപടി.

പിജികൾക്കായുള്ള മാർനിർദേശങ്ങൾ: പിജികളുടെ എൻട്രൻസും എക്സിറ്റും പരിസരങ്ങളും നിരീക്ഷിക്കാനായി സിസിടിവി കാമറ സ്ഥാപിക്കണമെന്ന് ബിബിഎംപി മാർഗനിർദേശത്തിൽ ഉൾപ്പെടുന്നു. സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഓരോ താമസക്കാരനും കുറഞ്ഞത് 70 ചതുരശ്രയടി സ്ഥലം അനുവദിക്കേണ്ടതുണ്ട്. കൂടാതെ, താമസക്കാരുടെ എണ്ണം ലഭ്യമായ സൗകര്യങ്ങൾക്ക് അനുസൃതമായിരിക്കണം. ശുചിത്വമുള്ള കുളിമുറികളും ടോയ്‌ലറ്റുകളും നിർബന്ധമാണ്. ഒരു താമസക്കാരന് പ്രതിദിനം കുറഞ്ഞത് 135 ലിറ്റർ ശുദ്ധമായ കുടിവെള്ളം അനുവദിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.

പിജികളിലെ അടുക്കളകൾ എഫ്എസ്എസ്എഐ ലൈസൻസുകൾ നേടി മാത്രമേ പ്രവർത്തിക്കാവൂ. താമസക്കാരുടെ സുരക്ഷയ്ക്കായി 24 മണിക്കൂറും ഒരു ജീവനക്കാരൻ പിജിയിൽ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട അധികൃതരിൽനിന്ന് കെട്ടിടങ്ങൾക്ക് ഫയർ സേഫ്റ്റി ലൈസൻസും നേടേണ്ടതുണ്ട്. ബിബിഎംപി ഹെൽപ്‍ലൈൻ (1533), പോലീസ് ഹെൽപ്‍ലൈൻ (101) തുടങ്ങിയ എമർജൻസി നമ്പരുകളും പിജികളിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group