ബെംഗളൂരു: വൻ തുക വാങ്ങി വിവാഹം ചിത്രീകരിച്ചു. ഏറെ പ്രതീക്ഷയോടെ വിവാഹ വീഡിയോ കാണാനിരുന്നപ്പോള്‍ കണ്ടത് മറ്റാരുടേയോ വീഡിയോ.നവവരന് നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കോടതി. ബെംഗളൂരുവിലാണ് സംഭവം. ആന്ധ്ര പ്രദേശില്‍ നിന്നുള്ള ഒരു സ്റ്റുഡിയോയ്ക്കായിരുന്നു യുവാവ് വിവാഹ വീഡിയോ ചിത്രീകരിക്കാൻ കോണ്‍ട്രാക്റ്റ് നല്‍കിയിരുന്നത്. എന്നാല്‍ വൻതുക കൈപ്പറ്റിയ സ്റ്റുഡിയോ യുവാവിന് നല്‍കിയത് മറ്റാരുടേയോ വിവാഹ വീഡിയോ ആയിരുന്നു. ഇതിന് പിന്നാലെയാണ് ആർ പ്രസന്ന കുമാർ റെഡ്ഡി എന്നയാളുടെ പരാതിയിലാണ് സ്റ്റുഡിയോ ഉടമയോട് യുവാവിന് നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിട്ടത്. മാർച്ച് മാസത്തില്‍ യുവാവ് നല്‍കിയ പരാതി സെപ്തംബർ 11നാണ് കോടതി പരിഗണിച്ചത്. നാഗേഷ് ബാൻഡപി എന്ന സ്റ്റുഡിയോ ഉടമയ്ക്കാണ് കോടതി പിഴയിട്ടിരിക്കുന്നത്.
ഐ ഫോട്ടോ സ്റ്റുഡിയോ എന്ന സ്ഥാപനത്തിനും ഉടമയ്ക്കുമാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴയിട്ടത്. യുവാവില്‍ നിന്ന് ഈടാക്കിയ പണത്തിന് പുറമേ അയ്യായിരം രൂപ കൂടി നല്‍കാനാണ് കോടതി വിധി. 2021 ഡിസംബർ 29നായിരുന്നു പ്രസന്ന കുമാർ റെഡ്ഡിയുടെ വിവാഹം. ചടങ്ങിന്റേയും അനുബന്ധ ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനായി നാഗേഷ് അഡ്വാൻസായി വാങ്ങിയത് 40000 രൂപയായിരുന്നു. എന്നാല്‍ കരാറില്‍ പറഞ്ഞിരുന്ന സമയത്ത് വീഡിയോ സിഡിയോ കല്യാണ ആല്‍ബമോ നല്‍കാൻ നാഗേഷ് തയ്യാറായില്ല. നിരവധി തവണ ആവശ്യപ്പെട്ടതിന് പിന്നാലെ ഇയാള്‍ നല്‍കിയ ആല്‍ബം മറ്റാരുടേയോ ആയിരുന്നു.
കല്യാണ വീഡിയോയും മറ്റാരുടേയോ ആയിരുന്നു നാഗേഷ് നല്‍കിയത്.സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ യുവാവിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും കൈമോശപ്പെട്ടതായി സ്റ്റുഡിയോ ഉടമ വ്യക്തമാക്കുകയായിരുന്നു. വിവാഹ സംബന്ധിയായ ചിത്രങ്ങളും വീഡിയോയും നഷ്ടമായെന്ന് ബോധ്യമായതോടെയാണ് പ്രസന്നകുമാർ കോടതിയെ സമീപിച്ചത്. കരാർ ലംഘിച്ചതിനും സൃഷ്ടിച്ച മാനസിക പ്രയാസത്തിനുമായി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. യുവാവിന് 20000 രൂപയും പിഴയായി 5000 രൂപയും നല്‍കാനാണ് കോടതി ഉത്തരവ്.
മുപ്പത് ദിവസത്തിനുള്ളില്‍ തുക നല്‍കണമെന്നും കോടതി വ്യക്തമാക്കി. അല്ലാത്ത പക്ഷം പലിശ അടക്കമുള്ള തുക സ്റ്റുഡിയോ ഉടമ യുവാവിന് നല്‍കേണ്ടതായി വരുമെന്നും കോടതി വ്യക്തമാക്കി.