Home Uncategorized ഹിൻഡൻബർ​ഗിന്റെ ‘പ്രതികാരം’; ഇന്ത്യൻ ഓഹരി വിപണികളിൽ കൂട്ടത്തകർച്ച ഉണ്ടാകുമോ? അനലിസ്റ്റുകളുടെ വിലയിരുത്തൽ

ഹിൻഡൻബർ​ഗിന്റെ ‘പ്രതികാരം’; ഇന്ത്യൻ ഓഹരി വിപണികളിൽ കൂട്ടത്തകർച്ച ഉണ്ടാകുമോ? അനലിസ്റ്റുകളുടെ വിലയിരുത്തൽ

by admin

കഴിഞ്ഞ വർഷം, 2023 ജനുവരിയിലാണ് ഹിൻഡൻബർഗ് റിസർച്ച് എന്ന പേര് ഒരു അശനി പാതം പോലെ ഇന്ത്യക്കാർ കേൾക്കുന്നത്. അദാനി ഗ്രൂപ്പിനെതിരായി ആരോപണങ്ങളുടെ അലകൾ തീർത്തു കൊണ്ടായിരുന്നു യു.എസ് ഷോർട് സെല്ലിങ് സ്ഥാപനത്തിന്റെ രംഗപ്രവേശം. അദാനി കമ്പനികൾ സാമ്പത്തിക തിരിമറികൾ നടത്തുന്നതായി ഹിൻഡൻബർഗ് ആരോപിച്ചു. ഇതേത്തുടർന്ന് അദാനിയുടെ ലിസ്റ്റഡ് കമ്പനികളിൽ നഷ്ടങ്ങളുടെ കൊടുങ്കാറ്റു വീശി. ഇതേ ഹിൻഡൻബർഗാണ് സെബിയുടെ മേധാവിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത് വിപണികളെ ബാധിക്കുമോ, ഹിൻഡൻബർഗിന്റെ ലക്ഷ്യമെന്ത് തുടങ്ങിയ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
ഹിൻഡൻബർഗിന്റെ പ്രതികാരമോ?
ഇക്കഴിഞ്ഞ ജൂൺ 27ാം തിയ്യതി സെബിയുടെ കാരണം കാണിക്കൽ നോട്ടീസ് തങ്ങൾക്ക് ലഭിച്ചതായി ഹിൻഡൻബർഗ് റിസർച്ച് അറിയിച്ചിരുന്നു. സെബിയുടെ നിയമങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ് നൽകിയത്. ഇന്ത്യയിലെ ഒരു സ്ഥാപനവുമായി ഹിൻഡൻബർഗിന് ബന്ധമുണ്ടെന്നും, ഈ സ്ഥാപനവും അദാനി ഓഹരികൾ ഷോർട് ചെയ്തതായും നോട്ടീസ് പറയുന്നു.

ഹിൻ‍‍ഡൻബർഗ് റിപ്പോർട്ടിൽ തെറ്റായ ചില പ്രാതിനിധ്യങ്ങളും, വ്യക്തതയില്ലാത്ത പ്രസ്താവനകളുമാണ് ഉള്ളതെന്നും നോട്ടീസിൽ ആരോപണമുണ്ട്. ചുരുക്കത്തിൽ ഇന്ത്യയിലെ റെഗുലേഷൻസ് ഹിൻഡൻബർഗ് ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി, വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസായിരുന്നു സെബി നൽകിയത്.

എന്നാൽ കാരണം കാണിക്കൽ നോട്ടീസിനെ ‘വി‍ഡ്ഢിത്തം’ എന്ന് പറഞ്ഞ് ഹിൻഡൻബർഗ് തള്ളിക്കളയുകയായിരുന്നു. അദാനിയും, സെബിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് അന്നേ ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ഇതിന്റെ ബാക്കി പത്രമാണ് ഇന്നലെ ആഗസ്റ്റ് 10ന് പുറത്തു വന്ന ഹിൻഡൻബർഗിന്റെ പുതിയ ആരോപണങ്ങളെന്നാണ് കരുതുന്നത്. സെബി ചെയർ പേഴ്സൺ മാധബി പുരി ബുച്ച്, ഭർത്താവ് ധവാൽ ബുച്ചിനും അദാനിയുമായി ബന്ധമുള്ള വിദേശ കമ്പനികളിൽ ഓഹരികളുണ്ടെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

വിദേശ ഗൂഢാലോചന?
ആഗോള തലത്തിൽ ഓഹരി വിപണികൾ തകർന്നു വീഴുമ്പോഴും ഇന്ത്യൻ ഓഹരി വിപണികളിൽ അടുത്തിടെ പലപ്പോഴും ‘ഉത്സവമാണ്’ നടക്കാറുള്ളത്. സാമ്പത്തിക വളർച്ചയിലും, പണപ്പെരുപ്പം നിയന്ത്രിക്കുന്ന കാര്യത്തിലുമെല്ലാം ഭാരതം വികസിത രാജ്യങ്ങളേക്കാൾ വേഗത്തിലാണ് കുതിക്കുന്നത്. ഇവിടെ ഇന്ത്യൻ ഓഹരി വിപണിയെ തകർക്കുക എന്ന വിദേശ ശക്തികളുടെ ഗൂഢലക്ഷ്യം ഉണ്ടോ എന്ന സംശയം പല വിദഗ്ധരും ഉന്നയിക്കുന്നുണ്ട്.

അദാനി ഓഹരികൾ തങ്ങൾ ഷോർട് ചെയ്തെന്ന് തുറന്നു സമ്മതിച്ചിരുന്ന ഹിൻഡൻബർഗ് സെബിയുടെ മേധാവിയെ ലക്ഷ്യം വെക്കുമ്പോൾ ഓഹരി വിപണിയെത്തന്നെ ഉന്നം വെക്കുന്നതായി കരുതാം. പക്ഷെ ഹിൻഡൻബർഗിന് നിലവിൽ ഇന്ത്യൻ വിപണിയിൽ ഷോർട് പൊസിഷനുകൾ ഉണ്ടോ എന്നത് വ്യക്തമല്ല

ഓഹരി വിപണികൾ തകരുമോ?
വാർത്തകളെ അടിസ്ഥാനപ്പെടുത്തി വൈകാരികമായി പ്രതികരിക്കുക എന്നത് ലോകമെങ്ങുമുള്ള ഓഹരി വിപണികളുടെ സ്വഭാവമാണ്. ഇവിടെയും സെബി ചെയർപേഴ്സണെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് വിപണികളിൽ ഇടിവിന് കാരണമായേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ അദാനി ഓഹരികളെ ഹിൻഡൻബർഗ് ബാധിച്ചിട്ടും ഓഹരികൾ അതി വേഗത്തിൽ തിരിച്ചു കയറുന്ന കാഴ്ച്ചയുണ്ടായിരുന്നു.

വിശാല വിപണിയെ സംബന്ധിച്ച് അടിസ്ഥാനപരമായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, കമ്പനികളുടെ അടിസ്ഥാനം, ബിസിനസ് പ്രകടനം തുടങ്ങിയ മാക്രോ-മൈക്രോ ഘടകങ്ങൾക്കാണ് പ്രാധാന്യം. ഇക്കാരണത്താൽ ആരോപണത്തിന്റെ പുകമറകൾക്ക് ഏറെക്കാലം വിപണിയെ താഴേക്കു വലിക്കുക സാധ്യമല്ല.

കൂടാതെ ‘ഹിൻഡൻബർഗ്’ ഇപ്പോൾ ഇന്ത്യൻ വിപണികൾക്ക് പുതുമയുള്ള ഒരു കാര്യമല്ല. ഇക്കാരണത്താൽ ഇന്ത്യൻ വിപണിയെ തകർത്തു കളയാൻ ഹിൻഡൻബർഗിന് സാധിക്കുകയില്ലെന്നും ഒരു വിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നു. തിങ്കളാഴ്ച്ച ആഗസ്റ്റ് 12ന് വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് GIFT നിഫ്റ്റിയുടെ നീക്കങ്ങൾ അറിഞ്ഞിരിക്കേണ്ടതാണെന്നും, വികാരത്തിന്റെ മുകളിൽ തീരുമാനങ്ങൾ കൈക്കൊള്ളരുതെന്നും അനലിസ്റ്റുകൾ നിർദേശിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group