മംഗലപുരം: മംഗലപുരത്ത് നെല്ലിമൂട് ആഡംബര വില്ലയില്‍നിന്ന് 38 പവൻ മോഷ്ടിച്ച കേസില്‍ അന്തർസംസ്ഥാന മോഷ്ടാവ് പിടിയില്‍.
ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശി സ്പൈഡർ സതീഷ് എന്ന കാരി സട്ടി ബാബു (36) ആണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്. മോഷണശേഷം കെ.എസ്.ആർ.ടി.സി ബസില്‍ നാട്ടിലേക്ക് മടങ്ങിയ പ്രതിയെ പിന്തുടർന്നായിരുന്നു അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
ജൂണ്‍ രണ്ടിനായിരുന്നു മോഷണം നടന്നത്. തമിഴ്നാട്, ചെന്നൈ, കാഞ്ചീപുരം, ആന്ധ്രപ്രദേശിലെ തിരുപ്പതി, കൊപ്പം വിശാഖപട്ടണം, വിജയനഗരം, കടപ്പ എന്നിവിടങ്ങളില്‍ 17 ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ആന്ധ്രപ്രദേശിലെ കടപ്പയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷണമുതലുകള്‍ പൂർണമായി കണ്ടെത്തിയതായി റൂറല്‍ എസ്.പി. കിരണ്‍ നാരായണ്‍ പറഞ്ഞു.
കർണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ എഴുപതില്‍പരംകവർച്ച കേസുകളില്‍ പ്രതിയാണ്. ആന്ധ്രയിലെ മന്ത്രി കണ്‍പൂർ ബാബുരാജിന്റെ വീട്ടില്‍നിന്ന് ഏഴ് കിലോ സ്വർണം കവർന്നകേസിലും കാഞ്ചിപുരത്ത് ജുവലറി ഉടമയുടെ വീട്ടില്‍നിന്നും ഒന്നര കിലോ സ്വർണ്ണം കവർന്ന കേസിലും പ്രതിയാണ്. ഇതില്‍ ജയില്‍ മോചനം കഴിഞ്ഞ് നാല് ദിവസം കഴിയുമ്ബോഴാണ് കേരളത്തിലെത്തി മോഷണം നടത്തിയത്. മോഷണം നടത്തി കിട്ടുന്ന സ്വർണംവിറ്റ് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. എത്ര ഉയർന്ന ചുമരുകളും നിസാരംപോലെ കയറിയാണ് വീടിനുള്ളില്‍ പ്രവേശിക്കുന്നത്. യൂട്യൂബില്‍ വരുന്ന കെട്ടിടങ്ങള്‍, ആഡംബര വില്ലകള്‍ എന്നിവ കണ്ട് പഠിച്ച ശേഷമാണ് സ്ഥലത്തെത്തി പ്രതി മോഷണം നടത്തുന്നത്. ഒറ്റദിവസം കൊണ്ട് തന്നെ മോഷണം നടത്തി തിരികെ നാട്ടിലേക്ക് മടങ്ങുന്നതാണ് രീതി.
പ്രതിക്ക് വിശാഖപട്ടണം, ബാംഗ്ലൂർ, കടപ്പ എന്നിവിടങ്ങളില്‍ നാല് ആഡംബര ഫ്ലാറ്റുകളുണ്ട്. മോഷ്ടിക്കുന്ന സ്വർണം ആന്ധ്രയിലും ബാംഗ്ലൂരും കൊണ്ടുപോയി വ്യാപാരികള്‍ക്ക് വില്‍ക്കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി സംഭവത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എ. പ്രദീപ് കുമാർ, മംഗലാപുരം എസ്.എച്ച്.വൈ മുഹമ്മദ് ഷാഫി, കഠിനംകുളം എസ്.ഐ എസ്.എസ്. ഷിജു, മംഗലപുരം എസ്.ഐ അനില്‍കുമാർ, സി.പി.ഒമാരായ ലിജു, ഷാഡോ ടീമിലെ എസ്.ഐ ദിലീപ്, രാജീവ്, റിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.