ബംഗളൂരു: കർണാടകയെ പിടിച്ചു കുലുക്കിയ രേണുക സ്വാമി കൊലക്കേസില്‍ കന്നഡ സിനിമാ സൂപ്പർ താരം ദർശൻ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്‌റ്റിലാണ്. കേസില്‍ രണ്ടാം പ്രതിയാണ് ദർശൻ. പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. ഇരുവരുടെയും മാനേജർ പവൻ മൂന്നാം പ്രതിയും. കേസില്‍ മറ്റ് 10 പേരും കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദർശനും പവിത്രയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് കരുതുന്നത്. ഈ മാസം ഒമ്ബതിനാണ് കാമാക്ഷിപാളയത്തെ ഓടയില്‍ രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മൂന്നുപേർ പൊലീസില്‍ കീഴടങ്ങിയതോടെയാണ് സംഭവം വെളിപ്പെട്ടത്. ദർശന്റെ നിർദ്ദേശപ്രകാരം തങ്ങളാണ് കൊല നടത്തിയതെന്നും സാമ്ബത്തിക ഇടപാടാണ് കാരണമെന്നും ഇവർ മൊഴി നല്‍കി.
ക്രൂരമായ ഭേദ്യം ചെയ്യല്‍
ബംഗളൂരുവിലുള്ള ദർശന്റെ ഫാം ഹൗസില്‍ വച്ചാണ് രേണുക സ്വാമിയെ അടിച്ചു കൊലപ്പെടുത്തിയത്. രേണുക സ്വാമിയെ തട്ടികൊണ്ടുവന്ന് വിചാരണ നടത്തി കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പുലർച്ചെ 2 ണി മുതല്‍ വൈകിട്ട് 6 വരെയായിരുന്നു ക്രൂരമായ ഭേദ്യം ചെയ്യല്‍. മരപ്പലക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. അതിന് മുമ്ബ് ഇരുമ്ബ് പൈപ്പ് പഴുപ്പിച്ച് കൈയിലും കാലിലും മാരകമായി പൊള്ളിച്ചു. മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം കാമാക്ഷിപാളയത്തെ ഓടയില്‍ തള്ളുകയായിരുന്നു.
2013ല്‍ അഭിനയിച്ച ‘ഛത്രികളു ഛത്രികളു സാർ ഛത്രികളു”ആണ് പവിത്രയുടെ ആദ്യ ചിത്രം. പത്ത് വർഷത്തോളമായി ദർശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പവിത്ര സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദർശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സമൂഹമാദ്ധ്യമത്തില്‍ നടത്തിയ വാക്‌പോര് വാർത്തയായിരുന്നു.