ചിത്രദുർഗ: എംപി പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ (Sex Video) പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ബിജെപി (BJP) നേതാവും അഭിഭാഷകനുമായ ജി.
ദേവരാജെ ഗൗഡ അറസ്റ്റില്‍. പെൻഡ്രൈവില്‍ വീഡിയോ ചോർത്തിയെന്നാരോപിച്ചാണ്, വെള്ളിയാഴ്ച രാത്രി ഗുലിഹാള്‍ ടോള്‍ഗേറ്റില്‍വച്ച് ദേവരാജെ ഗൗഡയെ ഹിരിയൂർ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രജ്വല് നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ.
കേസില്‍ ഹാസൻ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ദേവരാജെ ഗൗഡ പിടിയിലാകുന്നത്. ഏപ്രില്‍ 26ന് കർണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രാരംഭ ഘട്ടം ആരംഭിക്കുന്നതിന് മുൻമ്ബാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ ഇൻ്റർപോള്‍ ‘ബ്ലൂ കോർണർ’ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രജ്ജ്വല്‍ നിലവില്‍ ഒളിവിലാണ്. ബലാത്സംഗം, പീഡനരംഗം ചിത്രീകരിക്കല്, ഭീഷണിപ്പെടുത്തല്‍, തുടങ്ങി വിവിധ എഫ്‌ഐആറുകളാണ് പ്രജ്വലിനെതിരെ ചുമത്തിയിരിക്കുന്നത്.
വീഡിയോ ചോർത്തിയെന്ന ആരോപണം ദേവരാജെ ഗൗഡ നിഷേധിച്ചിട്ടുണ്ട്. പ്രജ്ജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്സഭാ തിരഞ്ഞെടുപ്പില് സീറ്റ് നല്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹോളനെരയിലെ ജെഡി(എസ്) എംഎല്‍എ എച്ച്.ഡി രേവണ്ണയ്ക്കെതിരെ ദേവരാജെ ഗൗഡ മത്സരിച്ചിരുന്നു.
രേവണ്ണ കുടുംബവുമായുള്ള മത്സരത്തിന് പേരുകേട്ട ഗൗഡ, കുടുംബാംഗങ്ങള്‍ക്കെതിരെ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണ നിലവില്‍ തടവിലാണ്.